ഇസ്ലാമാബാദ്: രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. രാജിവെക്കാൻ എന്നോട് ചിലർ നിർദേശിക്കുന്നു. ഞാൻ എന്തിന് രാജിവെക്കണം? 20 വർഷത്തോളം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവസാന പന്തുവരെ പോരാടുന്നയാളാണ് ഞാനെന്ന് എല്ലാവർക്കും അറിയാം. ജീവിതത്തിൽ ഒരിക്കൽ പോലും തോൽവി സമ്മതിച്ചിട്ടില്ല. വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, ഞാൻ കൂടുതൽ കരുത്തോടെ നിലകൊള്ളും -ഇംറാൻ ഖാൻ പറഞ്ഞു. ഇംറാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാകിസ്താൻ ദേശീയ അസംബ്ലി ചർച്ച ചെയ്യാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിദേശരാജ്യം തന്നെ പുറത്താക്കാൻ നീക്കം നടത്തിയതായി ഖാൻ ആരോപിച്ചു. താൻ തുടർന്നാൽ പാകിസ്താന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ആ രാജ്യം എംബസി വഴി ഭീഷണിപ്പെടുത്തി. യു.എസിനെയും രൂക്ഷമായി അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്താനെ പോലെ കഷ്ടതകൾ സഹിച്ച മറ്റൊരു യു.എസ് സഖ്യരാജ്യത്തെ കാണാനാകില്ല. ഏറെ ത്യാഗം പാകിസ്താൻ ചെയ്തു, എന്നാൽ ആരെങ്കിലും നമ്മെ അഭിനന്ദിച്ചോ? നമ്മൾ ആവശ്യമായത് ചെയ്യുന്നില്ലെന്ന് മാത്രമാണ് എല്ലാവരും പറയാറ്. താലിബാൻ ഖാൻ എന്നുവരെ തന്നെ വിളിച്ചു.
പാകിസ്താൻ കടന്നുപോകുന്നത് നിർണായക നിമിഷങ്ങളിലൂടെയാണ്. എല്ലാവർക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാകിസ്താനികൾ മുട്ടിലിഴയുകയാണ്. ഞാൻ ഒരു സ്വതന്ത്ര വിദേശ നയത്തിനാണ് ശ്രമിച്ചത്. ആരുടെ മുന്നിലും തലകുനിക്കില്ലെന്നും ആരുടെ മുന്നിലും രാജ്യത്തെ തലകുനിയാൻ ഇടയാക്കില്ലെന്നും ഞാൻ എന്നോ തീരുമാനിച്ചതാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കാൻ വിദേശ ഗൂഢാലോചന നടക്കുകയാണെന്നും ഇംറാൻ ഖാൻ ആരോപിച്ചു.
ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഇംറാൻ ഖാന്‍റെ നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചക്കായി ഇന്ന് നാഷനൽ അസംബ്ലി കൂടിയെങ്കിലും ഉടൻതന്നെ ഡെപ്യൂട്ടി സ്പീക്കർ സഭ പിരിച്ചുവിട്ടു. അവിശ്വാസത്തിൽ ഉടനടി വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം നിരസിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ സഭ പിരിച്ചുവിട്ടത്. ഞായറാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരും. അന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമ്മേളനം ഒഴിവാക്കിയ ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് ആണ് കഴിഞ്ഞദിവസം ഇംറാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 161 അംഗങ്ങളുടെ ഒപ്പാണ് പ്രമേയത്തിൽ ഉണ്ടായിരുന്നത്. അവിശ്വാസം സഭയിൽ വരുന്നതിനെ തടയാൻ പലവഴികളും ഇംറാൻ നോക്കിയിരുന്നു. 342 അംഗ നാഷനൽ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ 172 വോട്ടുകളാണ് ഇംറാന് വേണ്ടത്. ഇംറാന്റെ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് 155 അംഗങ്ങൾ മാത്രമേ ഉള്ളു. പാർട്ടിക്കുള്ളിൽനിന്നുതന്നെ കലാപം നേരിടുന്ന ഇംറാനെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയത് സഖ്യകക്ഷികളുടെ കാലുവാരലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.