ഗസ്സ സിറ്റി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയിറക്കൽ ആഹ്വാനത്തെ പുച്ഛത്തോടെ തള്ളി ഫലസ്തീനികൾ. തങ്ങളുടെ മണ്ണിൽനിന്ന് നാടുകടത്താനും കൈമാറാനുമുള്ള ഏത് പദ്ധതികളെയും നിരസിക്കുകയും ചെറുക്കുകയും ചെയ്യുമെന്ന് ജബലിയ അഭയാർഥി ക്യാമ്പിൽ കഴിയുന്ന സയീദ് അബു എലൈഷി പറഞ്ഞു.
എലൈഷിന്റെ ഭാര്യയും അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളും കുടുംബത്തിലെ മറ്റു രണ്ട് ഡസൻ പേരും കഴിഞ്ഞ 15 മാസത്തിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ബോംബിട്ടു തകർത്ത വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കൂടാരത്തിലാണ് അദ്ദേഹവും അവശേഷിക്കുന്ന കുടുംബാംഗങ്ങളും ഇപ്പോൾ താമസിക്കുന്നത്. എന്നിട്ടും തങ്ങൾ ഇവിടെ നിന്ന് പുറത്തുപോവില്ലെന്ന് സയീദ് പറയുന്നു.
ഇസ്രയേലും ഹമാസും തമ്മിൽ കഴിഞ്ഞ മാസം ഉണ്ടാക്കിയ വെടിനിർത്തലിനെത്തുടർന്ന് പ്രദേശത്തെ ലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകളിലേക്ക് മടങ്ങാൻ തിരക്കുകൂട്ടുന്നതിനിടെയാണ് ട്രംപിന്റെ പരാമശം. ട്രംപിന്റെ അഭിപ്രായങ്ങൾ ‘വംശീയ ഉന്മൂലനത്തിനും’ നിർബന്ധിത പുറത്താക്കലിനും വേണ്ടിയുള്ള ആഹ്വാനത്തിന് തുല്യമാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ പ്രതികരിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗസ്സയിൽ നിന്നുള്ള ഫലസ്തീനികളെ ഈജിപ്തിലോ ജോർദാനിലോ മറ്റെവിടെയെങ്കിലുമോ ദേശങ്ങളിൽ പുനരധിവസിപ്പിക്കണമെന്ന് ട്രംപ് പറഞ്ഞത്. എന്നാൽ, ഫലസ്തീനികളെ തങ്ങളുടെ മണ്ണിൽ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ ആഹ്വാനം ഈജിപ്തും ജോർദാനും നിരസിച്ചു.
ഫലസ്തീനികളെ അവരുടെ ജന്മനാട്ടിൽ നിന്ന് അവരെ പൂർണമായും തുടച്ചുനീക്കാനുള്ള ശ്രമമാണിതെന്ന് മനുഷ്യാവകാശ സംഘങ്ങൾ കരുതുന്നു. 1948 ലെ ഇസ്രായേൽ യുദ്ധത്തിൽ അവരുടെ വീടുകളിൽനിന്ന് ലക്ഷക്കണക്കിന് ഫലസ്തീനികളെ പുറത്താക്കുകയും കുടിയിറക്കുകയും ചെയ്തതിന്റെ തുടർച്ചയാണിത്. ആ സംഭവം ഫലസ്തീനികൾക്കിടയിൽ ‘നക്ബ’ എന്നാണ് അറിയപ്പെടുന്നത്. ‘ദുരന്തം’ എന്നന്റെ അറബി പദമാണിത്. ട്രംപിന്റെ പ്രസ്താവന ഫലസ്തീനികളെ ഈജിപ്തിലേക്ക് പുറത്താക്കാനുള്ള ഇസ്രായേലിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരുടെ ആഹ്വാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
‘ഞങ്ങളുടെ പൂർവികരുടെ ദുരന്തം ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ’-ആരോഗ്യ പ്രവർത്തകനായ അബു എലൈഷ് പറഞ്ഞു. പലരെയും പോലെ, അബു എലൈഷിന് സ്വന്തം കുടുംബത്തിന്റെ ദുരനുഭവം ചൂണ്ടിക്കാണിക്കാനുണ്ട്. 1948 മെയ് മാസത്തിൽ, ഇസ്രായേൽ സൈന്യം അദ്ദേഹത്തിന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും മറ്റ് പലസ്തീനികളെയും പുറത്താക്കുകയും തെക്കൻ ഇസ്രായേലിലെ ഹോജ് ഗ്രാമത്തിലെ അവരുടെ വീടുകൾ തകർക്കുകയും ചെയ്തു. ഗസ്സയിലെ ജബലിയ ക്യാമ്പിൽ കുടുംബം പുനരധിവസിച്ചു. അത് ദശാബ്ദങ്ങൾ എടുത്ത് നഗര പരിസരമായി വളർന്നു. കഴിഞ്ഞ മാസങ്ങളിൽ ഹമാസ് പോരാളികളുമായുള്ള ഉഗ്രമായ പോരാട്ടത്തിൽ അതിന്റെ ഭൂരിഭാഗവും ഇസ്രായേൽ സൈന്യം തകർത്തു.
1948ൽ ഇസ്രായേൽ സൈന്യം ഫലസ്തീൻ പട്ടണമായ യാബ്നെ ആക്രമിച്ചപ്പോൾ മുസ്തഫ അൽഗസ്സാറിന് അഞ്ചു വയസ്സായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും മറ്റ് താമസക്കാരും പലായനം ചെയ്യാൻ നിർബന്ധിതനായി. ഇപ്പോൾ 80കളിലൂടെ കടന്നുപോവുന്ന അദ്ദേഹം വ്യോമാക്രമണത്തിൽ കൽക്കൂമ്പാരമായ റഫയിലെ തന്റെ വീടിന് പുറത്ത് നിൽക്കുന്നു. 15 മാസത്തെ യുദ്ധത്തെ അതിജീവിച്ചതിന് ശേഷം ഇവിടെ പോകുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അൽഗസ്സാർ പറയുന്നു. ‘എന്നെ വിദേശത്തേക്ക് പുറത്താക്കുമെന്നും മറ്റുള്ളവരെ ഇവിടേക്കു കൊണ്ടുവരുമെന്നും നിങ്ങൾ കരുതുന്നുണ്ടോ? ... ഞാൻ എന്റെ കൂടാരത്തിൽ, ഈ അവശിഷ്ടങ്ങൾക്കടിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ പോകില്ല. അത് നിങ്ങളുടെ തലച്ചോറിൽ തന്നെ വെച്ചേക്കുക. വിദേശത്തേക്ക് അയക്കുന്നതിനുപകരം, ഞാൻ ജനിച്ചതും മരിക്കാനാഗ്രഹിക്കുന്നതുമായ എന്റെ യഥാർത്ഥ നാട്ടിലേക്ക് മടങ്ങണം’- ഇപ്പോൾ മധ്യ ഇസ്രായേലി നഗരമായ യാബ്‌നെയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരമാണ് ട്രംപ് തേടേണ്ടത്. ഇതാണ് അനുയോജ്യവും വ്യക്തവുമായ പരിഹാരം. ഇസ്രയേലികൾക്കും ഫലസ്തീനികൾക്കും സമാധാനം -അദ്ദേഹം പറഞ്ഞു.
മധ്യ ഗസ്സ പട്ടണമായ ദേർ അൽ ബലായിൽ നിന്നുള്ള 71 കാരിയായ അമ്‌ന ഉമർ ട്രംപിനെ ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ചു. ഭർത്താവിന് പാൻക്രിയാറ്റിക് കാൻസർ ബാധിച്ചതിനെ തുടർന്നാണ് ഉമറിന് യുദ്ധകാലത്ത് ചികിൽസക്കായി ഈജിപ്തിലേക്ക് പോകാൻ കഴിഞ്ഞത്. എന്നാൽ, അധികം ചികിത്സിക്കേണ്ടിവന്നില്ല. ഒക്ടോബറിൽ അദ്ദേഹം മരിച്ചു. ഈജിപ്തിലെ മറ്റ് പലസ്തീനികളെ പോലെ താനും എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് അമ്ന പറയുന്നു. ‘ഗസ്സ ഞങ്ങളുടെ ഭൂമിയാണ്. ഞങ്ങളുടെ വീടാണ്. ഗസ്സക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് ആ ഭൂമിയുടെ അവകാശമുണ്ട്. ഗസ്സ പുനഃർനിർമിക്കണമെന്നാണ് ആഗ്രഹം. എന്റെ ഭർത്താവിനെപ്പോലെ ഈജിപ്തിൽ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് സ്വന്തം വീട്ടിൽ മരിക്കണം -അവർ പറഞ്ഞു.
ഏതാണ്ട് മുഴുവൻ ഗസ്സക്കാരും യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ശേഷം തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനുള്ള ഗാഢമായ ദൃഢനിശ്ചയം പ്രകടിപ്പിച്ചു. വടക്കൻ ഗസ്സയിലേക്കും റഫയിലേക്കും ആഹ്ലാദഭരിതരായ ജനക്കൂട്ടം ഒഴുകിയെത്തി. അവരുടെ മണ്ണും ഭവനങ്ങളും അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയതിനാൽ മടങ്ങിയെത്തിയ പലരും ഭവനരഹിതരാണ്. വെള്ളം വേണ്ടത്ര ലഭിക്കുന്നില്ല. മിക്ക പ്രദേശങ്ങളിലും വൈദ്യുതിയുമില്ല. എന്നിട്ടുംപോലും അവിടെ തന്നെ ജീവിതം തുടരാനുള്ള അവരുടെ ആഗ്രഹത്തിന് ഇവയൊന്നും തരിമ്പും പരിക്കേൽപിച്ചിട്ടില്ല.
‘മറ്റെവിടെയെങ്കിലും അപമാനത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് ഞങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങളിൽ ജീവിക്കുന്നതാണെന്ന്’ റഫയിലേക്ക് മടങ്ങിയ ഇബ്രാഹിം അബു റിസ്‌ക് പറയുന്നു. ‘ഒന്നര വർഷം ഞങ്ങളെ കൊന്നൊടുക്കുകയും ബോംബെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. എന്നിട്ട് അങ്ങനെ തന്നെ പോകുകയാണോ? എന്നും അദ്ദേഹം ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.