ബ്രസീലിയ: മരണം പ്രവചിച്ച കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റ് കഴിച്ച് യുവതി മരിച്ചു. ബ്രസീലിയൻ യുവതിയായ ഫെർണാണ്ട വലോസ് പിന്റോയാണ്(27) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മേസിയോ നഗരത്തിൽ നിന്നും കണ്ടുമുട്ടിയ സ്ത്രീ പിന്റോയുടെ കൈനോക്കി പ്രവചനം നടത്തുകയായിരുന്നു. നിങ്ങൾക്ക് വളരെ കുറച്ചു ദിവസങ്ങളേ വിധിച്ചിട്ടുള്ളു എന്നാണ് അവർ പറഞ്ഞത്. ശേഷം സമ്മാനമായി ചേക്ലേറ്റും നൽകി. പിന്നീട് കുറച്ച് മണിക്കൂറുകൾ മാത്രമേ പിന്റോ ജീവിച്ചിരുന്നുള്ളു
സമ്മാനമായി ലഭിച്ച ചോക്‌ലേറ്റ് അപ്പോൾ തന്നെ കഴിക്കുകയായിരുന്നുവെന്ന് പിന്റോയുടെ ബന്ധു ബിയാങ്ക ക്രിസ്റ്റി പറഞ്ഞു. കൈനോട്ടക്കാരിയുടെ പ്രവചനത്തെ കുറിച്ച് ഫെർണാണ്ട കുടുംബത്തെ അറിയിച്ചിരുന്നു. സമ്മാനമായി ലഭിച്ച ചോക്ലേറ്റ് കഴിച്ച ശേഷം തന്റെ ഹൃദയമിടിപ്പ് കൂടിയെന്നും ഛർദ്ദിക്കുകയും ചെയ്തിരുന്നുവെന്നും അവൾ ബന്ധുക്കളെ അറിയിച്ചിരുന്നു. തീരെ അവശയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന വ്യക്തി ആയതുകൊണ്ട് അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും ആദ്യം സംശയം തോന്നിയിരുന്നില്ല. എന്നാൽ ചോക്ലേറ്റ് കഴിച്ച് മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്. പിന്റോയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ടു വന്നതോടെയാണ് സംശയം തോന്നി പൊലീസിനെ ബന്ധപ്പെട്ടുന്നത്. ഓഗസ്റ്റ് മാസത്തിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.