ജനീവ: ഡെൽറ്റ വകഭേദത്തെക്കാൾ അതിവേഗത്തിൽ ലോകം കീഴടക്കുന്ന ഒമിക്രോൺ നേരത്തെ വാക്സിൻ എടുത്തവരിലും കോവിഡ് മുക്തരിലും പടരുന്നത് ഞെട്ടലുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന. മുമ്പുള്ളവയെക്കാൾ രോഗ തീവ്രത കുറഞ്ഞതാണ് ഒമിക്രോൺ എന്ന് തീർപ്പിലെത്തുന്നത് ശരിയല്ലെന്നും ലോകാരോഗ്യ സംഘടന മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
അക്കങ്ങൾ പെരുകുന്നത് വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ താളംതെറ്റിക്കുകയാണ്. ശരീരത്തിലെ സ്വാഭാവിക പ്രതിരോധത്തെയും കടന്ന് പുതിയ വകഭേദം കണ്ടുവരുന്നു. ദുർബല ശരീരമുള്ളവർക്ക് പുതിയ ബൂസ്റ്റർ ഡോസ് നൽകുക മാത്രമാണ് പോംവഴിയെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. അടുത്തിടെ ലണ്ടൻ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ പതിവു വ്യാപനത്തെക്കാൾ അഞ്ചിരട്ടി വേഗം ഒമിക്രോണിനുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, അടുത്ത വർഷത്തോടെ കോവിഡ് മഹാമാരി ലോകത്ത് അപകടകരമല്ലാതായി മാറുമെന്ന പ്രത്യാശയും ലോകാരോഗ്യ സംഘടന പങ്കുവെച്ചു. അതേസമയം, ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ വൈറസ് ബാധിച്ചവരിൽ മഹാഭൂരിപക്ഷവും ലളിതമായ ചികിത്സ വഴി രോഗം ഭേദമായവരാണെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർപേഴ്സൻ ഡോ. ആഞ്ചലിക് കൂറ്റ്സെ പറഞ്ഞു. പുതിയ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ഡോക്ടറാണ് ഡോ. കൂറ്റ്സെ.
പേശിവേദന, തലവേദന എന്നിങ്ങനെ ലക്ഷണങ്ങളാണ് രോഗികളിൽ കണ്ടത്. ഇവർക്ക് ഓക്സിജെൻറയോ ആൻറിബയോട്ടിക്കുകളുടെയോ ആവശ്യമുണ്ടായില്ലെന്നും അവർ പറഞ്ഞു. നവംബർ അവസാനത്തിലാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഒമിക്രോൺ കണ്ടെത്തിയത്. ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേക്കും അമേരിക്കയിലേക്കും രോഗം പടർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.