ആരാണ് 'മിസ്റ്ററി വുമൺ? ട്രംപിന്റെ 'മിടുക്കിയായ മകളെ' തിരഞ്ഞ് സോഷ്യൽ മീഡിയ

വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ഫാദേഴ്സ് ഡേ'ക്ക് മുന്നോടിയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ആഗോളതലത്തിൽ ചർച്ചയാകുന്നു. കറുത്ത വസ്ത്രം ധരിച്ച്, സ്വർണ്ണനിറമുള്ള തലമുടിയുള്ള ഒരു അജ്ഞാത സ്ത്രീയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘മിടുക്കിയായ മകൾ’ എന്ന് ട്രംപ് കുറിച്ചതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.

തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ ചിത്രം പങ്കുവെച്ചത്.  സോഫയിൽ ചാരിയിരുന്ന് ഫോണിൽ സംസാരിക്കുന്ന സ്ത്രീയുടെ ചിത്രത്തിനൊപ്പം 'ഗ്രേറ്റ് ഡോട്ടർ. മൈ ഹോണർ പ്രസിഡന്റ് ഡിജെടി' എന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നാൽ ചിത്രത്തിലുള്ളത് ട്രംപിന്റെ പ്രശസ്തരായ മക്കൾ ഇവാൻകയോ ടിഫാനിയോ അല്ലാത്തതാണ് ഈ ചർച്ചക്ക് കാരണം.

ചിത്രത്തിലുള്ളത് ആരാണെന്നതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പലവിധ കണ്ടെത്തലുകൾ നടക്കുന്നുണ്ട്. ട്രംപിന്റെ പ്രധാന ഫണ്ട് ദാതാവും ശതകോടീശ്വരനുമായ ജോൺ കാറ്റ്‌സിമാറ്റിഡിസിന്റെ ഭാര്യ മാർഗോ കാറ്റ്‌സിമാറ്റിഡിസ് ആണ് ഇതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ, ട്രംപ് ഉദ്ദേശിച്ച 'മിടുക്കിയായ മകൾ' എന്നത് ജോണിന്റെ മകളും മാൻഹട്ടൻ റിപ്പബ്ലിക്കൻ പാർട്ടി അധ്യക്ഷയുമായ ആൻഡ്രിയ കാറ്റ്‌സിമാറ്റിഡിസ് ആകാനാണ് സാധ്യതയെന്നും ചിലർ അനുമാനിക്കുന്നു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭരണകാലത്ത് ക്യാമ്പ് ഡേവിഡിൽ വെച്ച് എടുത്ത ചിത്രമാണിതെന്നും പ്രചാരണമുണ്ട്.

വിവാദങ്ങൾക്ക് കാരണമായ പോസ്റ്റിനെക്കുറിച്ച് ഡൊണാൾഡ് ട്രംപോ അദ്ദേഹത്തിന്റെ വക്താക്കളോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. തൊട്ടുപിന്നാലെ രാജ്യം മികച്ച നിലയിലാണെന്ന് അവകാശപ്പെട്ട് ട്രംപ് പിതൃദിനാശംസകൾ നേർന്ന് മറ്റൊരു പോസ്റ്റും പങ്കുവെച്ചിരുന്നു. എങ്കിലും ട്രംപിന്റെ പോസ്റ്റിലെ 'മിടുക്കിയായ മകൾ' ആരാണെന്ന് കണ്ടെത്താനുള്ള തിരച്ചിലിലാണ് സോഷ്യൽ മീഡിയ.

Tags:    
News Summary - Who is the 'Mystery Woman'? Social media searching for Trump's 'smart daughter'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.