അഹമ്മദ് വിഷാ

'സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാനുള്ള ശ്രമം, മനഃപൂർവമായ കൊലപാതകം'; ക്യാമറാമാന്റെ മരണത്തിൽ ഇസ്രായേലിനെതിരെ അൽ ജസീറ

ഗസ്സ: മധ്യ ഗസ്സയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ തങ്ങളുടെ ക്യാമറാമാൻ അഹമ്മദ് വിഷാ കൊല്ലപ്പെട്ടത് മനഃപൂർവമുള്ള കൊലപാതകമാണെന്ന് അൽ ജസീറ മീഡിയ. ശനിയാഴ്ച വീടിന് നേരെ നടന്ന ആക്രമണത്തിലാണ് അൽ ജസീറ മുബാഷറിന്റെ ക്യാമറാമാനായ അഹമ്മദ് വിഷാ കൊല്ലപ്പെട്ടത്. 2023 ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന പന്ത്രണ്ടാമത്തെ അൽ ജസീറ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം.

കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഇസ്രായേലി അധികൃതരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്ട്ര സമൂഹവും നിയമസംവിധാനങ്ങളും അടിയന്തിരമായി ഇടപെടണമെന്ന് അൽ ജസീറ ആവശ്യപ്പെട്ടു. ഉത്തരവാദികളെ കണ്ടെത്താൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും, സത്യം പുറത്തുകൊണ്ടുവരുന്നതിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ ഇസ്രായേലിന്റെ ഭീഷണികൾക്ക് കഴിയില്ലെന്നുംഅൽ ജസീറ വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട അഹമ്മദ് വിഷാ ‘ഹമാസ് ഭീകരൻ’ ആയിരുന്നു എന്ന ഗുരുതര ആരോപണവുമായി ഇസ്രായേൽ സൈന്യം രംഗത്തെത്തി. എന്നാൽ ഈ വാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളും പുറത്തുവിടാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. തങ്ങളുടെ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെയ്ക്കുന്നതിനെ ന്യായീകരിക്കാൻ ഇസ്രായേൽ നിരന്തരം നടത്തുന്ന അപവാദ പ്രചാരണങ്ങളുടെ ഭാഗമാണിതെന്ന് അൽ ജസീറ ഇതിനോട് പ്രതികരിച്ചു. മാധ്യമപ്രവർത്തകരെ കൊന്നൊടുക്കി സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏപ്രിൽ 8-ന് ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് വിഷായുടെ ഇളയ സഹോദരനാണ് അഹമ്മദ് വിഷാ. ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ ഇരുവരും ഒന്നിച്ച് മാധ്യമപ്രവർത്തനം നടത്തിവരികയായിരുന്നു. സഹോദരന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ അനാഥരായ മക്കളുടെ സംരക്ഷണ ചുമതലയും അഹമ്മദാണ് ഏറ്റെടുത്തിരുന്നത്.

സംഭവത്തെ ശക്തമായി അപലപിച്ച 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്' വ്യക്തമായ തെളിവുകളില്ലാതെ മാധ്യമപ്രവർത്തകരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ഇസ്രായേലിന്റെ സ്ഥിരം ശൈലിയാണെന്ന് കുറ്റപ്പെടുത്തി. സി.പി.ജെ.യുടെ കണക്കുകൾ പ്രകാരം ഗസ്സ യുദ്ധത്തിൽ ഇതുവരെ 260-ലധികം ഫലസ്തീൻ മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഗസ്സയിൽ നടക്കുന്നതെന്ന് ഫലസ്തീൻ ജേണലിസ്റ്റ്സ് ബ്ലോക്കും വ്യക്തമാക്കി. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 ഒക്ടോബറിന് ശേഷം ഇതുവരെ 73,018 ഫലസ്തീനികൾ കൊല്ലപ്പെടുകയും ഒന്നേമുക്കാൽ ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ആയിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - 'An attempt to silence the voice of truth, a deliberate murder'; Al Jazeera slams Israel over cameraman's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.