ടാക്ലോബാൻ സിറ്റി: ഫിലിപ്പീൻസിൽ സ്കൂളിലെ ക്ലാസ്മുറിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഏഴുപേർക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷനൽ ഹൈസ്കൂളിലാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു വെടിവെപ്പ്.
പോയിന്റ് 38 കാലിബറും 9 എംഎം തോക്കുമാണ് പ്രതികൾ വെടിവെപ്പിനായി ഉപയോഗിച്ചതെന്ന് ടാക്ലോബാൻ പൊലീസ് മേധാവി പറഞ്ഞു. സംഭവം നടന്ന ഉടൻതന്നെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാൾ പിന്നീട് കീഴടങ്ങുകയും ചെയ്തു. പ്രായപൂർത്തിയാകാത്തവരായതിനാൽ പ്രതികളുടെ പേരുവിവരങ്ങളോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവെപ്പിന് പിന്നിലെ കൃത്യമായ കാരണവും മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ വിപുലമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അന്വേഷണത്തെ ബാധിക്കുന്ന രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഈസ്റ്റേൺ വിസയാസ് റീജിനൽ പൊലീസ് അഭ്യർഥിച്ചു. വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിന് പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും പൊലീസ് പറഞ്ഞു.
വെടിവെപ്പ് നടന്നതിന് തൊട്ടുപിന്നാലെ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അന്വേഷണത്തിന് ഉത്തരവിട്ടു. എല്ലാ മേഖലകളിലും പ്രത്യേകിച്ച് ഓഫിസുകളിലും സ്കൂളുകളിലും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾക്ക് നിർദേശം നൽകിയതായും അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.