ഇസ്‍ലാമാബാദ്: ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ജലസുരക്ഷയെ മുൻനിർത്തിയാണ് പാകിസ്താന്റെ പ്രകോപനപരമായ പ്രസ്താവന. രാജ്യത്ത് രൂക്ഷമായ ആഭ്യന്തര ജലക്ഷാമവും ഭരണപരമായ പരാജയവും തുടരുന്നതിനിടയിലാണ് പാക് മന്ത്രിയുടെ ഇത്തരമൊരു പരാമർശം.
തങ്ങളുടെ ദേശീയ സുരക്ഷയിൽ ജലവും ഉൾപ്പെടുന്നുവെന്നും, അത് ഭീഷണിയിലാണെന്ന് തോന്നുന്ന നിമിഷം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്നും ഖ്വാജ ആസിഫ് ‘എ.ആർ.വൈ ന്യൂസി’നോട് പറഞ്ഞു. ജലവിതരണം തടസ്സപ്പെടുത്താൻ ഇന്ത്യ വേഗത്തിൽ നീങ്ങുന്നുവെന്ന് തെളിവ് ലഭിച്ചാൽ സൈനിക നടപടി ആലോചിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ, 1960-ലെ സിന്ധുജല കരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്താൻ വ്യക്തമായ നടപടികൾ സ്വീകരിക്കുംവരെ കരാർ റദ്ദാക്കിയ നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.
സിന്ധു നദീതട പദ്ധതിയിൽ 80 ശതമാനം വെള്ളം ഉപയോഗിക്കാൻ പാകിസ്താന് കരാർ പ്രകാരം അവകാശമുണ്ടെങ്കിലും, ആഭ്യന്തരമായ തെറ്റായ മാനേജ്‌മെന്റ് കാരണം കാർഷിക മേഖലകൾ പ്രതിസന്ധിയിലാണ്.
ഇന്ത്യ ജലത്തെ ആയുധമാക്കുന്നുവെന്നും ചനാബ് നദിയിലെ ജലപ്രവാഹം തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ച് ഖ്വാജ ആസിഫ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, കഴിഞ്ഞ ഒരു വർഷത്തെ ജലവിതരണ വിവരങ്ങൾ അദ്ദേഹത്തിന് കൃത്യമായി അറിയില്ലെന്ന് വ്യക്തമായത് തിരിച്ചടിയായി.
അതേസമയം, പാകിസ്താനിൽ നിലനിൽക്കുന്ന ജലക്ഷാമം ഗുരുതരമാണ്. ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെയും ഇത് നേരിട്ട് ബാധിക്കുന്നുണ്ട്. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ് പ്രതിസന്ധി രൂക്ഷം.
സിന്ധിലെ ജലസേചന വകുപ്പിന്റെ കണക്കുകൾ പ്രകാരം നോർത്ത് വെസ്റ്റ് കനാലിൽ 64.1 ശതമാനവും, റൈസ് കനാലിൽ 38 ശതമാനവും, ദാദു കനാലിൽ 82 ശതമാനവുമാണ് ജലക്ഷാമം. സുക്കൂർ ബാരേജിലെ ജലനിരപ്പ് കുത്തനെ ഇടിയുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം നാട്ടിലെ ജലവിതരണ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിയാത്തതിനെതിരെ പ്രാദേശിക നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.