ഫോട്ടോക്ക് പോസ് ചെയ്യാതെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്, നോക്കിനിന്ന് വാൻസ്, സ്തബ്ധരായി ഷരീഫും മുനീറും, വീഡിയോ വൈറൽ

ബേൺ: ധാരണകൾ ലംഘിച്ചുള്ള ഇസ്രായേലിന്റെ ലബനാൻ ആക്രമണത്തിന്റെയും ഡോണൾഡ് ട്രംപിന്റെ ഭീഷണിപ്പെടുത്തലിന്റെ പിരിമുറുക്കത്തിനിടെ സ്വിറ്റ്സർലൻഡിൽ നടക്കുന്ന യു.എസ്- ഇറാൻ സമാധാന ചർച്ചയിൽ നിന്നുള്ള വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചർച്ച തുടങ്ങുന്നതിന് മുമ്പ് യു.എസ് ഉദ്യോഗസ്ഥരും സംഘാടകരും ആസൂത്രണം ചെയ്ത ഫോട്ടോ സെഷൻ ബഹിഷ്കരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അടക്കമുള്ള ഇറാൻ പ്രതിനിധി സംഘം ഇറങ്ങിപ്പോകുന്നതാണ് വീഡിയോ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ഹസ്തദാനം നൽകുന്നതും നിശബ്ദമായി ഒരു സന്ദേശം കൈമാറുന്നതും തുടർന്ന് ഇറാനിയൻ പ്രതിനിധി സംഘത്തോടൊപ്പം പെട്ടെന്ന് മുറി വിട്ട് പുറത്തേക്ക് പോകുന്നതും ഒരു വീഡിയോയിൽ കാണാം.

ഷെരീഫിന്റെ മുഖഭാവത്തിൽ നിന്ന് അപ്രതീക്ഷിതമായ ഈ നീക്കം അദ്ദേഹത്തെ അമ്പരപ്പിക്കുന്നതായി തോന്നുന്നു. നിമിഷങ്ങൾക്കുശേഷം, അദ്ദേഹം തന്റെ അരികിൽ നിൽക്കുന്ന പാകിസ്താൻ ആർമി ചീഫ് അസിം മുനീറിനോട് ആശ്ചര്യത്തോടെ ആംഗ്യം കാണിക്കുന്നത് കാണാം. അതേസമയം യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഏതാനും അടി അകലെ നിന്ന് സംഭവിക്കുന്ന രംഗം ശ്രദ്ധിക്കുന്നതും കാണാം. തുടർന്ന് വാൻസ് ഷെരീഫിനെയും മുനീറിനെയും സമീപിക്കുന്നു, മൂവരും ഒരു ഹ്രസ്വ ചർച്ചയിൽ ഏർപ്പെടുന്നതായി തോന്നുന്നു.

ഇക്കഴിഞ്ഞ 18ന് ഒപ്പുവെച്ച ഇസ്ലാമാബാദ് ധാരണാപത്രം (എംഒയു) പ്രകാരം ഇറാൻ, യുഎസ്, പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ആദ്യ റൗണ്ട് ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ എത്തിയത്. ഹുർമുസ് അടച്ചാൽ ഇറാനെ ആക്രമിക്കുമെന്നും ചർച്ചക്കെത്തിയ പ്രതിനിധി സംഘം തിരികെ മടങ്ങില്ലെന്നുമുള്ള ട്രംപിന്റെ ഭീഷണിയാണ് ഇറാനെ ചൊടിപ്പിച്ചത്.

ഇറാനിലെ തസ്നിം വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് സംഘാടകരും യു.എസ് പ്രതിനിധി സംഘത്തിലെ അംഗങ്ങളും ഇരുപക്ഷവും തമ്മിൽ ഒരു ഹസ്തദാനവും സംയുക്ത ഫോട്ടോ സെഷനും ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇറാനിയൻ പ്രതിനിധികളായ മുഹമ്മദ് ബാഗർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഫോട്ടോ സെഷനിൽ നിന്ന് മാറി.

എന്നാൽ ഫോട്ടോ സെഷനെ അമേരിക്കൻ "മീഡിയ ഷോ" എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തിലെ അംഗങ്ങളും സന്നിഹിതരായിരുന്ന ഒരു മുറിയിലേക്ക് അരാഗ്ചി പ്രവേശിക്കുന്നത് വേദിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ കൈ കുലുക്കിയും ആലിംഗനം ചെയ്തും ഇറാൻ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു, തുടർന്ന് ഇരുവരും കുറച്ച് വാക്കുകൾ കൈമാറി. വാൻസ് അരാഗ്ചിയുടെ ദിശയിലേക്ക് നോക്കുകയും പിന്നീട് മുഖം മാറ്റുകയും ചെയ്തു. താമസിയാതെ അരാഗ്ചി പോവുകയായിരുന്നു.

Tags:    
News Summary - Iran walked out, JD Vance watched, Pakistanis stunned as cameras kept rolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.