നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ വ്യാപക പ്രതിഷേധം

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടും നയങ്ങളെ വിമർശിച്ചും വിവിധ നഗരങ്ങളിൽ വ്യാപക പ്രതിഷേധം. ശനിയാഴ്ച വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ജറൂസലമിൽ പ്രതിഷേധക്കാർ സമരത്തിനായി ഉപയോഗിച്ച ശബ്ദോപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഇസ്രായേലിലെ കർകൂർ, അഫൂല, റോഷ് പിന, നഹാരിയ എന്നീ നഗരങ്ങളിലും തെക്കൻ നഗരമായ ബീർഷെബയിലും വൻ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ആഭ്യന്തര സുരക്ഷയും സൈനിക നയങ്ങളെയും സംബന്ധിച്ചുള്ള നെതന്യാഹുവിന്റെ നടപടികളിൽ കടുത്ത വിമർശനങ്ങളാണ് സമരങ്ങളിൽ ഉയരുന്നത്.

തെൽഅവീവിലെ ഹബീമ സ്ക്വയറിൽ നടന്ന പ്രധാന റാലിയിൽ മാത്രം ആയിരത്തോളം പ്രകടനക്കാർ പങ്കെടുത്തിരുന്നു. നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള പാരിസ് സ്ക്വയറിൽ പ്രതിഷേധിച്ചവരിൽനിന്നാണ് പൊലീസ് ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി മൈക്കും മറ്റ് ഉപകരണങ്ങളും താൽക്കാലികമായി പിടിച്ചെടുത്തത്.

ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെടുകയും അമ്മയും സഹോദരനും ഗസ്സയിൽ തടവിലാക്കപ്പെടുകയും ചെയ്ത കാർമിത് പാൽറ്റി കാറ്റ്സിർ തെൽ അവീവിലെ റാലിയിൽ ഗവൺമെന്റ് നയങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ഒക്ടോബർ ഏഴിന് ശേഷം ആയിരത്തിലധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും പതിനായിരങ്ങൾക്ക് ശാരീരിക-മാനസിക പരിക്കേൽക്കുകയും ചെയ്തതായി അവർ ചൂണ്ടിക്കാട്ടി. സ്വന്തം 'രാഷ്ട്രത്തിന്റെ നിലനിൽപ്പിന്' വേണ്ടിയാണ് നെതന്യാഹു വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്ന് കാറ്റ്സിർ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയരുന്ന 'ദേശീയ ഐക്യം' എന്ന എതിർത്തുകൊണ്ട് ഇസ്രായേൽ നാഷനൽ സെക്യൂരിറ്റി കൗൺസിൽ മുൻ ഡെപ്യൂട്ടി തലവൻ ഇന്റാൻ എറ്റ്സിയൺ മുന്നറിയിപ്പ് നൽകി. ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയ വൈവിധ്യങ്ങൾക്ക് മങ്ങലേൽപിക്കാനുമാണ് ഇത്തരം ആവശ്യങ്ങൾ ഉപയോഗിക്കുന്നതെന്ന് വടക്കൻ നഗരമായ ഹൈഫയിൽ നടന്ന മാർച്ചിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഇസ് ലാമാബാദ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെത്തുടർന്ന് സ്വിറ്റ്സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നടന്നുകൊണ്ടിരിക്കുന്നുണ്ട്. 60 ദിവസത്തെ ചർച്ച കാലയളവിലേക്ക് ഇരുരാജ്യങ്ങളും പ്രവേശിക്കാനിരിക്കെയാണ് ഇസ്രായേലിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നത്.

Tags:    
News Summary - Criticism of Netanyahu's policies; Widespread protests in Israel demanding his resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.