ഇന്ധനവില ഇടിഞ്ഞെങ്കിലും വിമാന ടിക്കറ്റ് നിരക്ക് കുറയില്ല; ആകാശക്കൊള്ള തുടരും, യാത്രക്കാർക്ക് നിരാശ

ന്യൂയോർക്ക്: രാജ്യന്തര വിപണിയിൽ ഇന്ധന വില ഇടിഞ്ഞതോടെ വിമാന ടിക്കറ്റ് നിരക്കിലും കുറവ് വരും എന്ന് കരുതുന്ന പ്രവാസികൾക്കും മറ്റും ആശ്വാസിക്കാൻ വക നൽകുന്നതല്ല വരുന്ന വാർത്തകൾ. എണ്ണവിലയിലെ കുറവ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വൻ ലാഭമുണ്ടാക്കുമെങ്കിലും, യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ടിക്കറ്റ് നിരക്കിൽ ലഭിക്കാൻ സാധ്യതയില്ലെന്നാണ് യാത്രാ മേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നത്. സീറ്റുകളുടെ കുറവും വർധിച്ച യാത്രാ ഡിമാൻഡും കാരണം ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഏപ്രിൽ തുടക്കത്തിൽ ഗാലന് 4.88 ഡോളറായിരുന്ന യു.എസിലെ ജെറ്റ് ഇന്ധന വില ജൂൺ 17ഓടെ 2.85 ഡോളറായി കുത്തനെ കുറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കിൽ യു.എസ് വ്യോമയാന മേഖലയുടെ വാർഷിക ഇന്ധനച്ചെലവിൽ 40 ബില്യൺ ഡോളറിലധികം ലാഭമുണ്ടാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മാസങ്ങളായി വിമാനക്കമ്പനികൾ നേരിട്ടുകൊണ്ടിരുന്ന ഇന്ധന പ്രതിസന്ധിക്ക് വലിയൊരളവോളം ഇത് പരിഹാരമാകും.

ജനുവരി മുതൽ മേയ് വരെ ഇന്ധനവില വർധിച്ചതിന്റെ മൂന്നിരട്ടി വേഗത്തിലാണ് ടിക്കറ്റ് നിരക്കുകൾ ഉയർന്നത്. ഇന്ധനച്ചെലവിലുണ്ടായ വർധനയുടെ പകുതിപോലും യാത്രക്കാരിൽനിന്ന് ഈടാക്കാൻ ഭൂരിഭാഗം കമ്പനികൾക്കും സാധിച്ചിരുന്നില്ല. ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇന്ധനച്ചെലവിന്റെ 40 മുതൽ 50 ശതമാനം വരെ മാത്രമാണ് ഉയർന്ന ടിക്കറ്റ് നിരക്കിലൂടെ തിരിച്ചുപിടിച്ചത്.

ടിക്കറ്റ് നിരക്ക് കുറയാത്തതെന്ത്?

ഇന്ധനവില കുറഞ്ഞാലും നിലവിലെ ഉയർന്ന നിരക്ക് തുടരാനാണ് കമ്പനികളുടെ തീരുമാനം. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്

സീറ്റുകളുടെ ലഭ്യതക്കുറവ്: വിമാനങ്ങളുടെ ലഭ്യതക്കുറവും വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും മൂലം സീറ്റുകളുടെ എണ്ണം പരിമിതമാണ്. മൂന്നാം പാദത്തിൽ യു.എസ് ആഭ്യന്തര വിമാന സർവിസുകളിൽ 0.4 ശതമാനം സീറ്റ് വർധനവ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില വർധനവിനു മുമ്പ് ഇത് 4.6 ശതമാനമായിരുന്നു.

ഉയർന്ന യാത്രാ ഡിമാൻഡ്: വിമാന യാത്രക്കുള്ള ആവശ്യം ശക്തമായി തുടരുന്നത് കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് കുറക്കാതിരിക്കാൻ പ്രേരണയാകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂൺ എട്ടു വരെയുള്ള കണക്കുകൾ പ്രകാരം യു.എസിൽ ശരാശരി ആഭ്യന്തര ടിക്കറ്റ് നിരക്കിൽ 34.1 ശതമാനം വർധനയാണുള്ളത്.

ലാഭത്തിൽ കുതിച്ചുചാട്ടം

ഇന്ധനച്ചെലവിലുണ്ടാകുന്ന ഓരോ അഞ്ച് ശതമാനവും കുറവ് ഡെൽറ്റ, സൗത്ത് വെസ്റ്റ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ ഓഹരി ലാഭത്തിൽ 10 മുതൽ 15 ശതമാനം വരെ വർധനയുണ്ടാക്കുമെന്നാണ് ജെഫറീസിന്റെ കണക്ക്.

അമേരിക്കൻ എയർലൈൻസിന് ഇത് 50 ശതമാനം വരെ നേട്ടമുണ്ടാക്കാം. ചരിത്രപരമായി എണ്ണവില കുറയുമ്പോൾ വിമാനക്കമ്പനികൾക്കിടയിൽ ‘ഫെയർ വാർ’ (ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള മത്സരം) ഉണ്ടാകാറുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു സാധ്യത വിദൂരമാണെന്ന് വ്യോമയാന മേഖല വിലയിരുത്തുന്നു. ഇന്ധനവില കുറഞ്ഞാലും യാത്രാ നിരക്കുകൾ കുറയാതെ തന്നെ ലാഭം പെരുപ്പിക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം.

ആഗോള രംഗത്തെ ട്രൻഡിനോടൊപ്പം തന്നെയാകും ഇന്ത്യൻ ​വ്യോമയാന​ മേഖലയും. ഗൾഫ് മേഖലയിലടക്കം താമസിക്കുന്ന പ്രവാസി മലയാളികൾക്ക് തിരിച്ചടിയാണ് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. ടിക്കറ്റ് നിരക്ക് ഉയർന്നതോടെ പലരും നാട്ടിലേക്ക് മടങ്ങുന്നത് നീട്ടിവെച്ചിരുന്നു. കുറഞ്ഞ നിരക്കിൽ നാടണയാൻ ഇത്തരക്കാർ ഇനിയും മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. 

Tags:    
News Summary - Airfares won't drop despite fuel price fall; sky-high rates to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.