ദമസ്കസ്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറായുടെ വാഷിങ്ടൺ സന്ദർശനത്തിന്റെ പിന്നിൽ യു.എസിന്റെ ഇസ്രായേലുമായി ബന്ധപ്പെട്ട താൽപര്യങ്ങളെന്ന് സൂചന. 1946ൽ സിറിയ സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു സിറിയൻ പ്രസിഡന്റിന്റെ യു.എസിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലെ പ്രസംഗത്തിനു ശേഷമുള്ള അൽ ഷറയുടെ രണ്ടാമത്തെ സന്ദർശനവും.
ഇസ്രായേലും സിറിയയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുക എന്നതാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെക്കുന്നത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് നടപ്പിലാക്കിയ അബ്രഹാം കരാറുകളുടെ വിപുലീകരണം ലക്ഷ്യമിട്ടാണിതെന്നാണ് അൽ ജസീറ ലേഖകൻ പറയുന്നു. മാത്രമല്ല, സുരക്ഷാ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യുമെന്നും പറയുന്നു. ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ കഴിഞ്ഞാൽ യു.എസ് ബിസിനസുകൾക്ക് സിറിയയിൽ നിക്ഷേപമിറക്കാൻ കഴിയുമെന്ന് യു.എസ് പ്രസിഡന്റ് കരുതുന്നു.
വൈറ്റ് ഹൗസ് സന്ദർശനത്തിനു മുന്നോടിയായി അഹമ്മദ് അൽ ഷറായെ ഭീകരപട്ടികയിൽ നിന്നും അമേരിക്ക ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. സിറിയൻ ആഭ്യന്തര മന്ത്രി അനസ് ഖത്താബിനു മേലുള്ള ഉപരോധവും പിൻവലിച്ചിരുന്നു. ആഗോള ഭീകരരായാണ് ഇരുവരെയും യു.എസ് പ്രഖ്യാപിച്ചിരുന്നത്. യു.എൻ രക്ഷാസമിതി ഇരുവരുടെയും ഉപരോധം പിൻവലിച്ചതിന് പിന്നാലെയായായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കാൻ ഷറാ ന്യൂയോർക്കിലെത്തിയപ്പോൾ അവിടെ രാജ്യത്തിനെതിരായ എല്ലാ ഉപരോധങ്ങളും പിൻവലിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു. അൽ ഷറ പ്രധാനമായും സ്വതന്ത്ര വിപണികളെയും നിക്ഷേപങ്ങളെയും കുറിച്ചാണ് സംസാരിച്ചത് എന്നതിനാൽ ഈ രണ്ട് നേതാക്കളെയും ബന്ധിപ്പിക്കുന്ന പോയിന്റുകളിൽ ഒന്നായി അതു മാറുന്നു.
സിറിയൻ നേതാവിന്റെ ഈ സന്ദർശനത്തിന് മറ്റൊരു ലക്ഷ്യവുമുണ്ട്. അത് ട്രംപ് മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല. ട്രംപ് സിറിയക്കെതിരെ ബശ്ശാറുൽ അസദിന്റെ സമയത്ത് ഏർപെടുത്തിയ ചില ഉപരോധങ്ങൾ നീക്കിയിട്ടുണ്ടെങ്കിലും ഏറ്റവും കർശനമായവയായ ‘സീസർ ആക്ട്’ ഇപ്പോഴും നിലവിലുണ്ട്. യു.എസ് പ്രസിഡന്റിന് ആറ് മാസത്തെ ഉപരോധങ്ങളേ ഒരു സമയത്ത് ഒഴിവാക്കാനാകൂ. അതിനാൽ സിറിയൻ നേതാവ് അന്വേഷിക്കുന്നത് ആ ഉപരോധങ്ങൾ ശാശ്വതമായി പിൻവലിക്കാനുള്ള വഴികൾ കൂടിയാണ്.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ മോസ്കോയിൽ വെച്ച് കണ്ടുമുട്ടിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് സിറിയൻ നേതാവിന്റെ വൈറ്റ് ഹൗസ് സന്ദർശനം. പുറത്താക്കപ്പെട്ട മുൻഗാമിയായ അൽ അസദിന്റെ കാലത്തെ റഷ്യയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും പുനഃർനിർവചിക്കാനും താൻ ശ്രമിക്കുന്നുണ്ടെന്നും തന്റെ സർക്കാർ മുൻകാല കരാറുകളെല്ലാം പാലിക്കുമെന്ന് ഉറപ്പുനൽകുന്നതായും അൽ ഷറ പുടിനോട് പറഞ്ഞിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രത്യേക ബന്ധങ്ങളെ പ്രശംസിച്ച പുടിൻ തന്റെ സർക്കാർ അത് വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.