തെൽ അവീവ്: ഇസ്രായേലിനെതിരെ കഴിഞ്ഞ ദിവസം ഇറാൻ പ്രത്യാക്രമണത്തിന് ഉപയോഗിച്ചത് ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകളെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. ഇതാദ്യമായാണ് ഇറാൻ അവരുടെ വജ്രായുധമായ ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുക്കുന്നത്.
ഒന്നിൽ നൂറായി പൊട്ടിത്തെറിക്കുന്നതാണ് ക്ലസ്റ്റർ ബോംബുകൾ. മധ്യ ഇസ്രയേലിലെ അസോറിൽ ക്ലസ്റ്റർ ബോംബുകൾ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
പൊട്ടിത്തെറിക്കാത്ത ഡസന്‍കണക്കിന് ബോംബുകള്‍ മധ്യ ഇസ്രയേലില്‍ നിന്നും കണ്ടെത്തിയെന്നും ഇസ്രായേൽ സൈന്യം വെളിപ്പെടുത്തുന്നുണ്ട്. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടങ്ങളെക്കുറിച്ചുള്ള പൊതുജന മുന്നറിയിപ്പായി ഇസ്രായേൽ സൈന്യം ഒരു ഗ്രാഫിക് പുറത്തിറക്കി. എന്നാൽ, ക്ലസ്റ്റർ ബോംബ് പ്രയോഗിച്ചത് സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്താണ് ക്ലസ്റ്റർ ബോംബ്
മിസൈലുകലിൽ പോർമുനയായി വെക്കുന്ന ക്ലസ്റ്റർ ബോബുകൾ ഒന്നു തൊടുത്താൽ നൂറും ആയിരവുമായി ചിതറിത്തെറിച്ച് പൊട്ടിത്തെറിക്കും. ഒറ്റ സ്ഫോടനം കൊണ്ട് അവസാനിക്കാതെ ഒരു പ്രദേശമാകെ അലക്ഷ്യമായി പൊട്ടിത്തെറിക്കുന്നു എന്നത് അത്യാഹിതം പ്രവചനാതീതമാക്കുന്നു.
ഒരു വിശാലമായ പ്രദേശം മുഴുവൻ നാശം വിതക്കാൻ പോന്ന ആയുധമാണിത്. ചിതറി തെറിച്ചവ വീണയുടൻ പൊട്ടിത്തെറിക്കാത്തതിനാൽ അപ്രതീക്ഷിതമായ പൊട്ടിത്തെറികളാണ് ഉണ്ടാകുക. 2008-ൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്‌ക്കെതിരെ 111 രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിൽ ഇറാനും ഇസ്രയേലും പങ്കുചേർന്നിരുന്നില്ല.
അതേസമയം, മിസൈലുകൾക്ക് പുറമെ ഇറാന്‍റെ കൈവശം എം.ഐ.ആ.ര്‍വികള്‍ ഉണ്ടോയെന്ന ആശങ്കയും ഇസ്രായേലിനുണ്ട്. ക്ലസ്റ്റര്‍ ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി എം.ഐ.ആര്‍.വികള്‍ കൃത്യമായ ഗതിനിയന്ത്രണ സംവിധാനമുള്ളവയാണ്. മിസൈലുകളില്‍ നിന്ന് വേര്‍പെട്ടാലുടന്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങളിലേക്ക് മാത്രമാകും എം.ഐ.ആർ.വിയുടെ സഞ്ചാരം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്കൊപ്പം യു.എസ് ആണ് ആദ്യമായി എം.ഐ.ആർ.വി പുറത്തെടുത്തത്. പിന്നാലെ സോവിയറ്റ് യൂനിയനും ഇത് വികസിപ്പിച്ചു. ഒരു എം.ഐ.ആര്‍.വിയുള്ള ബാലിസ്റ്റിക് മിസൈലിന് അഞ്ച് പോര്‍മുനകള്‍ വഹിക്കാനാകുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
ഇറാനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. ഇസ്രായേൽ ഉടൻ വെടിനിർത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സാധാരണ ജനങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണം -നേതാക്കൾ പറഞ്ഞു. ഷി ജിൻപിങ് പുടിനുമായി ടെലിഫോൺ ചർച്ച നടത്തി.
അന്താരാഷ്ട്ര തർക്കങ്ങൾ തീർക്കാൻ ബലപ്രയോഗമല്ല വഴിയെന്ന് ഷി ജിൻപിങ് പറഞ്ഞു. ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്. ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ചൈനയുടെയും റഷ്യയുടെയും ശക്തമായ നിലപാടെന്നത് ശ്രദ്ധേയമാണ്. പുടിൻ-ഷി ഫോൺ ചർച്ച മണിക്കൂർ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.