ലണ്ടൻ: വ്യാപാര യുദ്ധവും പിറകെ ഗ്രീൻലൻഡ് അധിനിവേശ പ്രഖ്യാപനങ്ങളും മൂലം പ്രതിസന്ധിയിലായ യൂറോപ്യൻ ബന്ധങ്ങൾ ഇറാന്റെ ആണവ പദ്ധതികൾ പറഞ്ഞ് ശരിയാക്കാമെന്ന ട്രംപിന്റെ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്നോ? ഏറ്റവുമൊടുവിൽ യു.എസിന്റെ ഇറാൻ ആക്രമണങ്ങൾക്ക് താവളങ്ങൾ വിട്ടുകൊടുക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിലപാടെടുത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്.
ആകാശത്തൂടെയുള്ള ഭരണമാറ്റത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സ്റ്റാർമർ യു.എസ് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചത്. പിന്നീട്, ഇറാൻ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണത്തിന് ഉപയോഗിക്കാമെന്ന് തിരുത്തിയെങ്കിലും നിരുപാധിക പിന്തുണയില്ലെന്നാണ് നിലപാട്. കഴിഞ്ഞ ദിവസം പാർലമെന്റിലും മുമ്പ് ഇറാഖിൽ ചെയ്ത അബദ്ധങ്ങൾ ചൂണ്ടിക്കാട്ടി ഇറാൻ ആക്രമണത്തെക്കുറിച്ച തന്റെ ആധികൾ അദ്ദേഹം പങ്കുവെച്ചിരുന്നു.
സ്പെയിനും യു.എസിനെതിരെ നിലപാട് പരസ്യമാക്കിയതാണ്. ഇറാനിലെ യു.എസ്-ഇസ്രായേൽ ആക്രമണത്തെ അപലപിച്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇത് അപകടകരമായ സൈനിക ഇടപെടലാണെന്നാണ് പ്രതികരിച്ചത്. യു.എൻ ഉടമ്പടികൾക്കപ്പുറത്ത് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്നും നിലപാടെടുത്തു. ഇതേത്തുടർന്ന് തെക്കൻ സ്പെയിനിലെ താവളങ്ങളിൽനിന്ന് 15 യു.എസ് യുദ്ധവിമാനങ്ങൾ സ്ഥലം വിടേണ്ടിവന്നു. ഇവയിൽ പകുതിയും പിന്നീട് ജർമനിയിൽ ഇറങ്ങി.
ജർമനി, ഫ്രാൻസ് എന്നിവ ഇറാനെതിരെ പരസ്യ പ്രഖ്യാപനം നടത്തിയവയാണ്. എന്നാൽ, ജർമനി പോലും ആക്രമണത്തെക്കുറിച്ച് അറിയുന്നത് മിനിറ്റുകൾ മുമ്പാണ്. അതിനാൽ തന്നെ, യൂറോപ്യൻ രാജ്യങ്ങളിലേറെയും ഇപ്പോഴും ത്രിശങ്കുവിലാണ്. ആശങ്കയോടെ കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡൻലെയന്റെ പ്രതികരണം. അതേ സമയം,
യൂറോപ്പിൽനിന്ന് ആദ്യ ഭരണപ്രമുഖനായി ട്രംപുമായി ജർമൻ പ്രസിഡന്റ് ചർച്ച നടത്തുന്നുണ്ട്. യു.എസുമായും സഖ്യകക്ഷികളുമായും സഹകരിച്ച് മേഖലയിൽ പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്ന് കഴിഞ്ഞ ദിവസം ജർമനിയും ഫ്രാൻസും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നേരത്തെ അധിനിവേശത്തിനെതിരായ നിലപാട് സ്വീകരിച്ച റഷ്യ ഇന്നലെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.