പശ്ചിമേഷ്യയിൽ അമേരിക്കക്ക് നിരവധി സൈനിക താവളങ്ങൾ...

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ യു.എസ് സൈന്യം ആക്രമിച്ചതിന് പകരംവീട്ടാൻ ഇറാൻ അമേരിക്കയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാവുകയാണ്. മേഖലയിലെ പ്രധാന യു.എസ് സൈനിക താവളങ്ങൾ ഇവയാണ്;

ഖത്തർ

പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ് ഖത്തറിലേത്. തലസ്ഥാനമായ ദോഹയുടെ തെക്കുപടിഞ്ഞാറായി 24 ഹെക്ടറിൽ (60 ഏക്കർ) സ്ഥിതി ചെയ്യുന്ന അൽ ഉദൈദ് വ്യോമതാവളം യു.എസ് സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനമാണ്. പടിഞ്ഞാറ് ഈജിപ്ത് മുതൽ കിഴക്ക് കസാക്കിസ്ഥാൻ വരെ വ്യാപിച്ചുകിടക്കുന്ന വലിയൊരു പ്രദേശത്ത് യു.എസ് സൈനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇവിടെനിന്നാണ്. 1996ൽ ഒരു പ്രതിരോധ സഹകരണ കരാറിലൂടെയാണ് കേന്ദ്രം സ്ഥാപിതമായത്. ഏകദേശം 10,000 സൈനികരെ ഇവിടെ പാർപ്പിക്കുന്നു.

കുവൈത്ത്

ഇറാഖ് അതിർത്തിയിൽനിന്ന് 37 കിലോമീറ്റർ അകലെ കുവൈത്തിൽ സ്ഥിതി ചെയ്യുന്ന യു.എസ് വ്യോമതാവളമാണ് അലി അൽ സലേം. 2003 ലെ ഇറാഖ് യുദ്ധകാലത്താണ് ക്യാമ്പ് സ്ഥാപിതമായത്. ഇറാഖിലേക്കും സിറിയയിലേക്കും വിന്യസിക്കുന്ന യു.എസ് ആർമി യൂനിറ്റുകൾക്കുള്ള ഇടത്താവളമാണിത്.

ബഹ്‌റൈൻ

ഗൾഫ്, ചെങ്കടൽ, അറേബ്യൻ കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ഇവിടെയാണ്.

യു.എ.ഇ

യു.എ.ഇ തലസ്ഥാനമായ അബൂദബിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ദഫ്ര വ്യോമതാവളം യു.എസ് വ്യോമസേനയുടെ നിർണായക കേന്ദ്രമാണ്. ഇത് ഐ.എസിനെതിരായ പ്രധാന ദൗത്യങ്ങൾക്കും മേഖലയിലുടനീളമുള്ള രഹസ്യാന്വേഷണ നടപടികൾക്കും നേതൃത്വം നൽകുന്നു.

ഇറാഖ്

ഇറാഖി സുരക്ഷ സേനയെ പിന്തുണക്കുകയും നാറ്റോ ദൗത്യത്തിന് സംഭാവന നൽകുകയും ചെയ്തുകൊണ്ട് പടിഞ്ഞാറൻ അൻബാർ പ്രവിശ്യയിലെ ഐൻ അൽ അസദ് വ്യോമതാവളത്തിൽ യു.എസ് സൈനിക സാന്നിധ്യം തുടരുന്നുണ്ട്. ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിന് പ്രതികാരമായി 2020ൽ ഇറാൻ ഇവിടേക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. വടക്കൻ ഇറാഖിലെ അർദ്ധ സ്വയംഭരണ കുർദിസ്ഥാൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന എർബിൽ വ്യോമതാവളം, പരിശീലന അഭ്യാസങ്ങളും യുദ്ധ അഭ്യാസങ്ങളും നടത്തുന്ന യു.എസിന്റെയും സഖ്യസേനയുടെയും കേന്ദ്രമായി പ്രവർത്തിക്കുന്നു.

സൗദി അറേബ്യ

2024 ൽ 2,321 പേരുണ്ടായിരുന്ന സൗദി അറേബ്യയിലെ യു.എസ് സൈനികർ സൗദി സർക്കാറുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു. വ്യോമ, മിസൈൽ പ്രതിരോധ ശേഷി ഉറപ്പാക്കുകയും യു.എസ് സൈനിക വിമാനങ്ങളുടെ പ്രവർത്തനത്തെ പിന്തുണക്കുകയും ചെയ്യുന്നു. റിയാദിൽനിന്ന് ഏകദേശം 60 കിലോമീറ്റർ തെക്ക് പ്രിൻസ് സുൽത്താൻ എയർ ബേസിലും യു.എസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്.

ജോർദാൻ

തലസ്ഥാനമായ അമ്മാനിൽ നിന്ന് 100 കിലോമീറ്റർ വടക്കുകിഴക്കായി അസ്രാഖിൽ സ്ഥിതി ചെയ്യുന്ന മുവാഫാഖ് അൽ സാൾട്ടി എയർ ബേസ്.

Tags:    
News Summary - What are the main US military bases in the Middle East?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.