സമ്പദ്‌വ്യവസ്ഥയെ ഉലച്ച് പശ്ചിമേഷ്യൻ സംഘർഷം; ആശങ്കയിൽ കേരളത്തിന്‍റെ കയറ്റുമതി മേഖല

പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതും കേരളത്തിലെ കയറ്റുമതി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് കടൽ മാർഗമുള്ള കയറ്റുമതിയുടെ ഏകദേശം 30% ഗൾഫ് മേഖലയിലേക്കാണ്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പോലുള്ള ഭക്ഷ്യ വിഭവങ്ങൾ മുതൽ സമുദ്രോൽപന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വരെ ഒട്ടേറെ ഉൽപ്പന്നങ്ങളാണ് കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് കപ്പൽ കയറുന്നത്.

യുദ്ധം മേഖലയെ ഒന്നാകെ ബാധിച്ചതോടെ അവിടേക്ക് കപ്പലുകൾ സർവീസ് നടത്തുന്നില്ല. ചരക്ക് അയക്കാൻ കഴിയാതെ സമ്മർദത്തിലാണ് കയറ്റുമതി വ്യവസായികൾ. ഉയർന്ന ഷിപ്പിങ് ചാർജാണ് നിലവിലെ സാഹചര്യത്തിൽ ഈടാക്കുന്നത്. സുരക്ഷാഭീഷണി കാരണം കപ്പലുകളുടെ ഇൻഷുറൻസ് നിരക്കുകൾ വർധിക്കും. സ്വാഭാവികമായും അതു ചരക്കുനീക്കത്തിന്റെ ചെലവും കൂട്ടും. ചരക്കു കപ്പലുകൾ വഴിതിരിച്ച് വിടേണ്ടിവരുന്നത് ചരക്ക് ലഭ്യത വൈകാനും ഇടയാക്കും. നിലവിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ നിന്നും ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

തൽക്കാലം പ്രതിസന്ധി മറികടക്കാൻ ചെലവ് കുറക്കാമെന്ന തീരുമാനമാണ് ഷിപ്പിങ്, അനുബന്ധ കമ്പനികൾ സ്വീകരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഷിപ്പിങ് കമ്പനികൾ പുതിയ നിയമനങ്ങളെല്ലാം മരവിപ്പിച്ച് കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള കയറ്റുമതിയുടെ പ്രധാന സമുദ്ര കവാടമായ കൊച്ചി തുറമുഖത്തെയും ഗൾഫ് യുദ്ധം ദോഷകരമായി ബാധിക്കും. ഒട്ടേറെ മിഡിൽ ഈസ്റ്റ് കമ്പനികളുടെ ബാക്ക് ഓഫിസ് പ്രവർത്തിക്കുന്നത് കൊച്ചിയിലാണ്. കയറ്റിറക്കുമതി സ്‌തംഭിക്കുന്നത് ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളെയെല്ലാം പ്രയാസത്തിലാക്കും.

വ്യോമഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യൻ എയർലൈനുകളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, എന്നിവക്ക് 500 കോടിയിലേറെ രൂപയുടെ വരുമാനഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഒരു ലക്ഷം കൂടി രൂപയിലേറെ വരവുണ്ടായിരുന്നു. യുദ്ധം മൂലമുള്ള അനശ്ചിതത്വം ഗൾഫ് മലയാളികളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യക്ക് വർഷം 10000 കോടി ഡോളറിന്‍റെ വാണിജ്യമാണ് യു.എ.ഇയുമായി ഉള്ളത്. അതിൽ വലിയൊരു പങ്ക് കേരളത്തിന്‍റേയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നടന്നില്ലെങ്കിൽ ഗുഡ്ഹോപ് മുനമ്പ് ചുറ്റി കപ്പലുകൾ പോകേണ്ടിവരും.

വ്യോമപാതകൾ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫ് നാടുകളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേകുമുള്ള പഴം, പച്ചക്കറി കയറ്റുമതി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് അയക്കാനായി കൊണ്ടുവന്ന 200 ടണ്ണിലേറെ പഴം, പച്ചക്കറികൾ കാർഗോ വിഭാഗത്തിൽ കെട്ടിക്കിടക്കുകയാണ്. പ്രതിദിനം 140 ടൺ കാർഗോയാണ് കൊച്ചി വിമാനത്താവളത്തിൽ കൈകാര്യം ചെയ്യുന്നത്. ഇതിൽ 100 ടൺ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള പെരിഷബിൾ കാർഗോ ആണ്. ഇതെല്ലാം മുടങ്ങിക്കിടക്കുകയാണ്. ഇതോടെ കർഷകരും കയറ്റുമതിക്കാരും കടുത്ത പ്രതിസന്ധിയിലായി.

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഘർഷം വർധിച്ചാൽ കയറ്റുമതി പൂർണമായും നിർത്തിവെക്കേണ്ടി വരും. കഴിഞ്ഞ രണ്ട് ദിവസമായി ഏകദേശം 20 ചരക്കുകൾ തടഞ്ഞുവെക്കു‌കയോ റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്. ഏകദേശം 20 ടണ്ണോളം സാധനങ്ങൾ ഇതിലുണ്ട്. ആഗോളതലത്തിലെ സംഘർഷങ്ങൾ എല്ലാ രാജ്യങ്ങൾക്കും ദോഷം വരുത്തുകയാണെന്നും ആഗോള വാണിജ്യം, ഊർജ വിപണികൾ, വിതരണ ശൃംഖലകൾ എന്നിവ പ്രതിസന്ധിയിലായെന്നും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം അധികൃതർ പറഞ്ഞു.

Tags:    
News Summary - Kerala's export sector in concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-02-27 04:30 GMT