തെൽ അവിവ്: ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ച് ബന്ദികളുടെ അമ്മമാരും കുടുംബാംഗങ്ങളും. ഗസ്സയിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും ട്രംപ് ഇടപെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണിത്.
'നിങ്ങളുടെ നേതൃത്വത്തിന് ബന്ദികളെ തിരികെ കൊണ്ടുവരാൻ സാധിക്കും. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങൾ നിങ്ങൾക്ക് പിന്നിലുണ്ട്. നിങ്ങൾക്കാണ് ഈ സമയം ഇടപെടാൻ കഴിയുക. ഞങ്ങൾക്ക് വിശ്വാസമുണ്ട്' -ബന്ദികളുടെ ബന്ധുക്കളിലൊരാൾ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഗസ്സയിൽ വെടിനിർത്തലിന് വീണ്ടും സമ്മർദം ശക്തമാക്കിയിരിക്കുകയാണ് ഡോണൾഡ് ട്രംപ്. 20 മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഗസ്സയിൽ കരാറിലെത്തണമെന്നും ഹമാസ് എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കണമെന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ആവശ്യപ്പെട്ടിരുന്നു.
അടുത്തയാഴ്ചയോടെ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ട്രംപ് നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ, എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. ഇസ്രായേൽ സ്ട്രാറ്റജിക് മിനിസ്റ്റർ റോൺ ഡെർമെർ അടുത്തയാഴ്ച യു.എസ് സന്ദർശനം നടത്തുന്നുണ്ട്. ഇതിനിടെ ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളുണ്ടാവുമെന്നാണ് സൂചന. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വിശ്വസ്തനാണ് റോൺ ഡെർമർ.
വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസിലെത്തുമെന്നും ആഴ്ചകൾക്കുള്ളിൽ കരാർ പ്രാബല്യത്തിലാക്കാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും പേരുവെളിപ്പെടുത്താത്ത മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ അറിയിച്ചു. ആദ്യഘട്ടമായാണ് ഇസ്രായേൽ നയകാര്യ മന്ത്രി റോൺ ഡെർമർ യു.എസിലെത്തുന്നത്.
ഇനി യുദ്ധവിരാമമാണ് വേണ്ടതെന്നും താൽക്കാലിക വെടിനിർത്തൽ വെറുതെയാണെന്നും ഹമാസ് പറയുന്നു. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിൻവാങ്ങിയാൽ എല്ലാ ബന്ദികളെയും വിട്ടയക്കാമെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ, ഗസ്സയിൽ ഇനി ഹമാസ് ചിത്രത്തിലുണ്ടാകുന്ന ഒരു പരിഹാരവും അംഗീകരിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. 50ലേറെ ബന്ദികൾ ഇപ്പോഴും ഹമാസ് നിയന്ത്രണത്തിലുണ്ടെന്നാണ് സൂചന. ഇവരിൽ പകുതിയോളം പേരെങ്കിലും ജീവനോടെയുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.