24 മത്സരങ്ങൾ, 27 വിമാനയാത്രകൾ; ചർച്ചയായി ഫിഫ പ്രസിഡന്‍റിന്‍റെ വിമാനയാത്രകൾ

ലോസ് ആഞ്ചലസ്: ഈ വർഷത്തെ ഫിഫ ലോകകപ്പിനിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നടത്തിയ വിമാനയാത്രകൾ വലിയൊരു പാരിസ്ഥിതിക വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ടൂർണമെന്റിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ വടക്കേ അമേരിക്കയിലുടനീളം 24 മത്സരങ്ങളിൽ പങ്കെടുക്കാൻ ഇൻഫാന്റിനോ നടത്തിയ യാത്രകൾ കനത്ത കാർബൺ ബഹിർഗമനത്തിന് കാരണമായതായാണ് റിപ്പോർട്ടുകൾ.

വെറും രണ്ടാഴ്ചയ്ക്കുള്ളിൽ 24 മത്സരങ്ങളിൽ പങ്കെടുക്കാനായി ഇൻഫാന്റിനോ നടത്തിയത് 27 വിമാന യാത്രകളാണ്. ലോകകപ്പിനായി അദ്ദേഹം ഉപയോഗിക്കുന്ന സ്വകാര്യ ജെറ്റ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 27 തവണയാണ് പറന്നത്. ഈ ചുരുങ്ങിയ കാലയളവിൽ ഈ വിമാനം പുറത്തുവിട്ട കാർബൺ ബഹിർഗമനം ഏകദേശം 78 സാധാരണ മനുഷ്യർ ഒരു വർഷം കൊണ്ട് പുറത്തുവിടുന്ന കാർബൺ ബഹിർഗമനത്തിന് തുല്യമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പരിസ്ഥിതി പ്രവർത്തകരടക്കം വൻ വിമർശനമാണ് ഫിഫ പ്രസിഡന്റിനെതിരെ ഉയർത്തിയിരിക്കുന്നത്. പല ദിവസങ്ങളിലും ഇൻഫാന്റിനോ രണ്ട് മത്സരങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നു. ഇതിനായി ഒരേ ദിവസം മൂന്ന് തവണ വരെ വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഖത്തർ എയർവേയ്‌സ് എക്‌സിക്യൂട്ടീവ് ജെറ്റിലും പിന്നീട് ഗൾഫ്‌സ്ട്രീം G650ER ജെറ്റിലുമായിട്ടാണ് അദ്ദേഹത്തിന്റെ യാത്രകളെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഈ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന ഒന്നായി മാറുമെന്ന് നേരത്തെ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് ഫിഫയുടെ ഏറ്റവും ഉന്നത പദവിയിലുള്ളയാൾ തന്നെ ഇത്തരത്തിൽ യാത്ര ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ ഫിഫ വലിയ പ്രതിബദ്ധതയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2030ഓടെ കാർബൺ ബഹിർഗമനം 50 ശതമാനം കുറയ്ക്കുമെന്നും 2040-ഓടെ നെറ്റ്-സീറോ കൈവരിക്കുമെന്നും ഫിഫ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വടക്കേ അമേരിക്കയിൽ മൂന്ന് രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ഈ ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന ഒന്നാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഫിഫ പ്രസിഡന്റ് ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണെന്നും കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ വിമാനങ്ങളിലാണ് യാത്ര ചെയ്യാൻ ശ്രമിക്കാറെന്നാണ് ഫിഫ ഔദ്യോഗികമായി നൽകിയ മറുപടി. എന്നാല് പ്രസിഡന്‍റിന്‍റെ വിമാന യാത്രകളെ കുറിച്ചോ കാർബൺ ബഹിർഗമനത്തെ കുറിച്ചോ പ്രതികരിക്കാൻ ഫിഫ തയ്യാറായിട്ടില്ല.

Tags:    
News Summary - 24 matches, 27 flights; FIFA President's flights under discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.