കരാറിലെ അതൃപ്തി: ഇസ്രായേലിന് മുന്നറിയിപ്പുമായി വാൻസ്; 'ട്രംപ് മാത്രമാണ് ഏക സഖ്യകക്ഷി'

വാഷിങ്‌ടൺ: ഇറാനുമായുള്ള പുതിയ കരാറിനെതിരെ ഇസ്രായേൽ ഭരണകൂടത്തിൽനിന്നുയരുന്ന വിമർശനങ്ങൾക്ക് കടുത്ത മറുപടിയുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. നിലവിലെ ആഗോള സാഹചര്യത്തിൽ ഇസ്രായേലിന് പിടിച്ചുനിൽക്കാൻ ശേഷിയുള്ള ഒരേയൊരു സഖ്യകക്ഷി ഡോണൾഡ് ട്രംപ് മാത്രമാണെന്നും, അദ്ദേഹത്തിനെതിരെ തിരിയുന്നത് ഇസ്രായേലിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും വാൻസ് ഓർമിപ്പിച്ചു. ഇറാനുമായുള്ള കരാറിനെ ചൊല്ലി ഇസ്രായേൽ കാബിനറ്റിലെ ചില അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് വാൻസ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

ഇസ്രായേൽ മന്ത്രിമാർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ വാൻസ് ആവശ്യപ്പെട്ടു. തങ്ങളെ പിന്തുണക്കുന്ന ഏക രാഷ്ട്രത്തലവനെതിരെ ഇസ്രായേൽ മന്ത്രിമാർ തിരിയുന്നത് ശരിയല്ലെന്നും ഇസ്രായേലിന്റെ ഏറ്റവും വലിയ പ്രശ്നം അമേരിക്കൻ പ്രസിഡന്റാണെന്ന് കരുതുന്നുണ്ടെങ്കിൽ അവർ യാഥാർത്ഥ്യത്തിലേക്ക് കണ്ണുതുറക്കണമെന്നും വാൻസ് മുന്നറിയിപ്പ് നൽകി.

ഇസ്രായേലിന്റെ പ്രതിരോധ ആവശ്യങ്ങൾക്കായി അമേരിക്ക നൽകുന്ന സഹായങ്ങളെയും വാൻസ് എടുത്തുപറഞ്ഞു. ഇസ്രായേലിനെ സംരക്ഷിക്കുന്ന പ്രതിരോധ ആയുധങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും അമേരിക്കൻ നിർമിതമാണെന്നും, അമേരിക്കൻ നികുതിദായകരുടെ പണമാണ് ഇതിനായി ചെലവാക്കുന്നതെന്നും വാൻസ് പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ഒഴിവാക്കി അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ മന്ത്രിമാർക്കെതിരെയാണ് വാൻസ് പ്രധാനമായും ആഞ്ഞടിച്ചത്. കരാറിനെതിരെ വിമർശനങ്ങളുന്നയിച്ച ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വാൻസിന്റെ പരാമർശങ്ങൾ. ‘നിങ്ങൾ ഒമ്പത് ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യമാണ്. എല്ലാ ദേശീയ സുരക്ഷാ പ്രശ്നങ്ങളും അക്രമത്തിലൂടെ മാത്രം പരിഹരിക്കാൻ കഴിയില്ല,’ - വാൻസ് പറഞ്ഞു. ഇറാനുമായുള്ള കരാറിനെച്ചൊല്ലി ഇസ്രായേലിൽ നടക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമായ തെറ്റിദ്ധാരണകൾ മൂലമാണെന്നും വാൻസ് അഭിപ്രായപ്പെട്ടു.

ഇറാനുമായുള്ള കരാർ അവരുടെ ആണവായുധ- ബാലിസ്റ്റിക് മിസൈൽ പദ്ധതികളെ പൂർണമായും നിയന്ത്രിക്കുന്നില്ലെന്നും ലബനാനിലെ ഹിസ്ബുല്ലക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഇസ്രായേലിന്റെ വാദം.സാമ്പത്തിക ഉപരോധത്തിലൂടെ ഇറാൻ തകർച്ചയുടെ വക്കിലെത്തിയിരിക്കെ അമേരിക്കയുടെ ഈ കരാർ അവർക്ക് വലിയൊരു ആശ്വാസമായെന്ന വിലയിരുത്തലാണ് ഇസ്രായേൽ മന്ത്രിസഭായോഗത്തിൽ ഉയർന്നത്.

അതേസമയം, പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു കരാറിനെതിരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കയുമായുള്ള ബന്ധം വിലമതിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമ്പോഴും തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യത്തിന്റെ സാന്നിധ്യം തുടരുമെന്നാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ വിശദീകരണം.  

ഇതിനിടെ സമാധാനചർച്ചയുടെ ധാരണാ പത്രം അന്തിമമാക്കിയിട്ടില്ലെന്നും ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്കുള്ള ജെ.ഡി വാൻസിന്റെ യാത്ര മാറ്റിവച്ചതായും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്‍ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് എന്നറിയപ്പെടുന്ന ധാരണപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതോടെ മൂന്നുമാസം പിന്നിട്ട യുദ്ധത്തിന് താൽക്കാലിക വിരാമമാവുകയാണ്. 

Tags:    
News Summary - Vance warns Israeli critics over Iran deal: Trump is your only ally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.