പ്രതീകാത്മക ചിത്രം
ലണ്ടൻ: യു.കെയിലേക്ക് ഉന്നതപഠനത്തിനായി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിർണ്ണായകമായ മാറ്റങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. രാജ്യത്തെ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ വിദ്യാഭ്യാസ മേഖലയെയും അന്താരാഷ്ട്ര വിദ്യാർഥികളുടെ ഭാവിയെയും വലിയ രീതിയിൽ സ്വാധീനിക്കാൻ പോവുകയാണ്. യു.കെയിലേക്ക് പഠനത്തിനായി പോകുന്നതിന് മുമ്പ് വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട ചില പ്രാധാന മാറ്റങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഗ്രാജ്വേറ്റ് വിസയുടെ കാലാവധിയിലാണ്.
2027 ജനുവരി 1 മുതൽ അപേക്ഷിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പഠനശേഷം യു.കെയിൽ ജോലി ചെയ്യുന്നതിനായി ലഭിച്ചിരുന്ന രണ്ട് വർഷത്തെ കാലാവധി 18 മാസമായി കുറച്ചിട്ടുണ്ട്. അതേസമയം, പി.എച്ച്.ഡി ബിരുദധാരികൾക്ക് നിലവിലുള്ളതുപോലെ മൂന്ന് വർഷം തന്നെ തുടരും. പഠനശേഷം ജോലി കണ്ടെത്തുന്നതിനും വർക്ക് വിസയിലേക്ക് മാറുന്നതിനും ലഭിക്കുന്ന സമയം കുറയുന്നത് വിദ്യാർഥികൾ നേരത്തെ തന്നെ കരിയർ പ്ലാനിങ് നടത്തുന്നതിന്റെ ആവശ്യകത വർധിപ്പിക്കുന്നു. വിസ അപേക്ഷക്കായി കാണിക്കേണ്ട ബാങ്ക് ബാലൻസ് തുകയിൽ വർധനവ് വരുത്തിയിട്ടുണ്ട്.
വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്ന യു.കെയിലെ സർവകലാശാലകൾക്ക് മേൽ സർക്കാർ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ എൻറോൾമെന്റ്, കോഴ്സ് പൂർത്തീകരണം, വിസ അംഗീകാര നിരക്ക് എന്നിവയിൽ കൃത്യമായ നിലവാരം പുലർത്താത്ത സർവകലാശാലകൾക്ക് അന്താരാഷ്ട്ര വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി നഷ്ടപ്പെടാം. 2027ഓടെ 'ട്രാഫിക് ലൈറ്റ് സിസ്റ്റം' വഴി സർവകലാശാലകളെ വിലയിരുത്തുകയും മോശം പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.
പഠനകാലത്ത് തന്നെ ഇന്റേൺഷിപ്പുകളിലും ഇൻഡസ്ട്രി എക്സ്പോഷറുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് തൊഴിൽ നൈപുണ്യം വളർത്തുന്നത് അത്യാവശ്യമാണ്. കേവലം ഒരു വിദേശരാജ്യത്ത് പോകുക എന്നതിലുപരി, മികച്ച തൊഴിലവസരങ്ങൾ നൽകുന്ന കോഴ്സുകളും സർവകലാശാലകളും തിരഞ്ഞെടുക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. പുതിയ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിച്ച് കൃത്യമായ രേഖകൾ തയാറാക്കി വെക്കേണ്ടത് വിസ ലഭിക്കാൻ പ്രധാനമാണ്. യു.കെ സർക്കാർ കൊണ്ടുവന്ന ഈ പുതിയ മാറ്റങ്ങൾ യഥാർത്ഥ വിദ്യാർഥികളെ നിരുത്സാഹപ്പെടുത്താനല്ല, മറിച്ച് വിസ നിയമങ്ങളിലെ ദുരുപയോഗം തടയുന്നതിനും ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. കൃത്യമായ ആസൂത്രണത്തോടെയും വ്യക്തമായ കരിയർ ലക്ഷ്യത്തോടെയും മുന്നോട്ട് പോകുന്ന വിദ്യാർഥികൾക്ക് യു.കെ ഇന്നും മികച്ചൊരു പഠന കേന്ദ്രമായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.