പകലിന് നീളമേറും, രാത്രി ചുരുങ്ങും; ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഉത്തരായനാന്തം ജൂൺ 21ന്

മസ്‌കത്ത്: ഉത്തരാർധഗോളത്തിലെ ഔദ്യോഗിക ജ്യോതിശാസ്ത്ര വേനൽക്കാലത്തിന് തുടക്കം കുറിച്ച് ജൂൺ 21ന് ഉത്തരായനാന്തം (സമ്മർ സോളിറ്റൈസ്) നടക്കും. ഇതോടെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിനും ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിക്കും ഉത്തരാർധ ഗോളത്തിലെ രാജ്യങ്ങൾ സാക്ഷ്യം വഹിക്കും. ഈ വരുന്ന വേനൽക്കാലം ഏകദേശം 93 ദിവസവും 15 മണിക്കൂറും 40 മിനിറ്റും നീണ്ടുനിൽക്കും.


ഞായറാഴ്ച ഇന്ത്യൻ സമയം (ഐ.എസ്.ടി) ഉച്ചക്ക് 1.54നും ഒമാൻ, യു.എ.ഇ സമയം (ജി.എസ്.ടി) ഉച്ചക്ക് 12.24നും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ സമയം (എ.എസ്.ടി) രാവിലെ 11.24നുമാണ് ഉത്തരായനാന്തം സംഭവിക്കുക. അന്ന് മസ്‌കത്തിൽ പുലർച്ചെ 5.20-ന് സൂര്യനുദിക്കുകയും ഉച്ചക്ക് 12.08-ഓടെ ആകാശത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദുവിലെത്തുകയും ചെയ്യും. വൈകുന്നേരം 6.56-നാണ് സൂര്യാസ്തമയം. മൊത്തം 13 മണിക്കൂറും 35 മിനിറ്റും 33 സെക്കൻഡും പകലിന് ദൈർഘ്യമുണ്ടാകും. ഈ ദിവസത്തോടെ സൂര്യന്റെ വടക്കോട്ടുള്ള സഞ്ചാരം (ഉത്തരായനം) അവസാനിക്കുകയും സൂര്യൻ തെക്കോട്ട് സഞ്ചരിക്കാൻ (ദക്ഷിണായനം) ആരംഭിക്കുകയും ചെയ്യുന്നു. ഉത്തരായനാന്തത്തിന്റെ മറ്റൊരു പ്രത്യേകത, സൂര്യൻ ഉത്തരായനരേഖക്ക് (ട്രോപിക് ഓഫ് കാൻസർ) നേരെ മുകളിലായിരിക്കുമെന്നതാണ്. ഈ രേഖ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഉച്ചസമയത്ത് നിഴലുകൾ പൂർണമായും അപ്രത്യക്ഷമാകും. അന്ന് സൂര്യൻ ഏറ്റവും വടക്കുകിഴക്കേ അറ്റത്തുനിന്ന് ഉദിക്കുകയും ഏറ്റവും വടക്കുപടിഞ്ഞാറേ അറ്റത്ത് അസ്തമിക്കുകയും ചെയ്യും.




ഒമാനു പുറമെ, മറ്റു ജിസി.സി രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, മറ്റു ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ചൈന, ആഫ്രിക്കയിലെ  മൊറോക്കോ, ഈജിപ്ത്, സുഡാൻ,  യൂറോപ്പിലെ യു.കെ, ഫ്രാൻസ്, ജർമനി, ഇറ്റലി  തുടങ്ങി ഉത്തരാർധ ഗോളത്തിലെ രാജ്യങ്ങളിൽ ഈ ദിവസം പകൽ സമയത്തിന് ദൈർഘ്യം കൂടുതലായിരിക്കും. ഭൂമി സൂര്യനെ വലംവെക്കുമ്പോൾ അതിന്റെ അച്ചുതണ്ട് ഏകദേശം 23.5 ഡിഗ്രി ചരിഞ്ഞിരിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ഒമാനി സൊസൈറ്റി ഫോർ അസ്ട്രോണമി ആൻഡ് സ്പേസിലെ കമ്മ്യൂണിറ്റി ഔട്ട്റീച്ച് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽ അസീസ് ബിൻ സൗദ് അൽ നാബി വിശദീകരിച്ചു. ഇത് ഭൂമിയും സൂര്യനും തമ്മിലുള്ള അകലവുമായി ബന്ധപ്പെട്ടതല്ലെന്നും അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങളാണ് താപനിലയെ പ്രധാനമായും സ്വാധീനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - summer solstice to mark longest day of the year in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.