വാഷിങ്ടൺ: ചൈനയിലെ ഷി ജിങ്പിങ് സർക്കാരിൽ അസംതൃപ്തരായ ഉദ്യോഗസ്ഥരെ ചാരവൃത്തിക്ക് ക്ഷണിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. ചൈനീസ് ഭാഷയിൽ തയാറാക്കിയ വിഡിയോയിലൂടെയാണ് ഒരുമിച്ചു പ്രവർത്തിക്കാൻ ചൈനക്കാരെ സി.ഐ.എ ക്ഷണിച്ചത്.
യൂട്യൂബിലും എക്സിലും പോസ്റ്റ് ചെയ്ത വിഡിയോകൾ ഇതിനകം 50 ലക്ഷം പേർ കണ്ടു. ആഡംബര വാഹനങ്ങളിലും അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലും സുഖ ജീവിതം നയിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സേവിക്കുന്ന ഉദ്യോഗസ്ഥർ ആശങ്കയും നിരാശയും പങ്കിടുന്നതാണ് രണ്ട് മിനിറ്റ് നീളുന്ന വിഡിയോയിലുള്ളത്.
സി.ഐ.എയുടെ പ്രവർത്തനം ഉടച്ചുവാർക്കുന്നതിന്റെയും ചൈനയുടെ മേൽ രഹസ്യാന്വേഷണം ശക്തമാക്കുന്നതിന്റെയും ഭാഗമായി ഡയറക്ടർ ജോൺ റാറ്റ്ക്ലിഫാണ് പദ്ധതി തയാറാക്കിയത്. രഹസ്യങ്ങൾ കണ്ടെത്താൻ ചൈനീസ് ഉദ്യോഗസ്ഥരെ നിയമിക്കുക എന്നതാണ് വിഡിയോകളുടെ ലക്ഷ്യമെന്ന് അസോസിയേറ്റഡ് പ്രസിന് നൽകിയ പ്രസ്താവനയിൽ റാറ്റ്ക്ലിഫ് പറഞ്ഞു.
സാമ്പത്തികമായും സൈനികമായും സാങ്കേതികമായും ആധിപത്യം സ്ഥാപിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഈ ഭീഷണിയോട് അടിയന്തരമായും സർഗാത്മകമായും ധൈര്യത്തോടെയും പ്രതികരിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാരപ്രവർത്തനങ്ങൾക്ക് യു.എസ് ഉദ്യോഗസ്ഥരെ ചൈന ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് സി.ഐ.എ വിഡിയോ പോസ്റ്റ് ചെയ്തത്. നേരത്തേ കൊറിയൻ, ഫാർസി ഭാഷകളിൽ സമാന വിഡിയോകൾ സി.ഐ.എ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.