ഗസ്സയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; വർഷാവസാനത്തോടെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പട്ടിണിയിലേക്ക്

ജനീവ: ഫണ്ടിന്റെ കുറവ് മൂലം സന്നദ്ധ സംഘടനകൾ സഹായ വിതരണം വെട്ടിക്കുറയ്ക്കുന്നത് ഗസ്സയെ വീണ്ടും കടുത്ത പട്ടിണിയിലേക്ക് നയിക്കുമെന്ന് ആഗോള ഭക്ഷ്യ സുരക്ഷാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഈ വർഷം അവസാനത്തോടെ ഗസ്സയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം കടുത്ത പട്ടിണിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് 'ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ' (I.P.C) അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിലെ വെടിനിർത്തലിന് ശേഷം ഗസ്സയിലേക്ക് കൂടുതൽ ഭക്ഷണവസ്തുക്കളും പോഷകാഹാര സേവനങ്ങളും എത്തിച്ചതിനെ തുടർന്ന് കുട്ടികളിലെ പോഷകാഹാരക്കുറവ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ, ഈ പുരോഗതിയെല്ലാം ഇപ്പോൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഭൂരിഭാഗം കുടുംബങ്ങൾക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ജീവതം മുന്നോട്ട് കൊണ്ടുപോകാൻ പലരും കഷ്ടപ്പെടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മധ്യത്തിനും ജൂൺ അവസാനത്തിനും ഇടയിൽ ഗസ്സയിലെ ജനസംഖ്യയുടെ 59 ശതമാനത്തോളം വരുന്ന 1.2 ദശലക്ഷത്തിലധികം ആളുകൾ കടുത്ത പട്ടിണിയെയാണ് നേരിട്ടത്. ഇതിൽ ഏകദേശം 2,12,000 ആളുകൾ അടിയന്തര സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. എന്നാൽ വരുന്ന ഡിസംബറോടെ ഈ നിരക്ക് 67 ശതമാനമായി അതായത് 1.4 ദശലക്ഷം ആളുകളായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തെ തുടർന്ന് ജനങ്ങളിൽ ഭൂരിഭാഗവും അഭയകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യപ്പെടുകയും സഹായങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കേണ്ട അവസ്ഥയിലുമാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കുമുള്ള പ്രത്യേക ഭക്ഷണവിതരണ പരിപാടികൾ ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ പകുതിയായി കുറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയും സഹായ സംഘടനകളുടെ പ്രവർത്തനങ്ങളിലെ അനിശ്ചിതത്വവുമാണ് പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ കാരണം. സ്ഥിതിഗതികൾ ഇനിയും വഷളാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടലും സഹായങ്ങളും ഉറപ്പാക്കണമെന്ന് സംഘടനകൾ അഭ്യർത്ഥിച്ചു.

അതേസമയം, ഗസ്സയിൽ പട്ടിണി മാറ്റാൻ സന്നദ്ധ സംഘടനകൾ ചെറിയ സഹായങ്ങൾ മാത്രമാണ് നൽകുന്നതെന്നും കൂടാതെ, ഹമാസ് സഹായങ്ങൾ തട്ടിയെടുക്കുന്നുവെന്നുമാണ് ഇസ്രായേൽ പ്രതികരിച്ചത്. മുൻപത്തെ ഐ.പി.സി റിപ്പോർട്ടുകളും ഇസ്രായേൽ തള്ളിക്കളഞ്ഞിരുന്നു.

Tags:    
News Summary - Food shortages in Gaza are severe; two-thirds of the population could face starvation by the end of the year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.