യു.എസ് മരവിപ്പിച്ച 50,000 കോടി രൂപ ഇറാന് വിട്ടുനൽകുമെന്ന് റിപ്പോർട്ട്

തെഹ്റാൻ/വാഷിങ്ടൺ: ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലുമുള്ള ഇറാന്റെ മരവിപ്പിച്ച സ്വത്തുകൾ വിട്ടുകൊടുക്കാൻ യു.എസ് സമ്മതിച്ചതായി റിപ്പോർട്ട്. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്താനിലെ ഇസ്‍ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ വാർത്തകൾ വരുന്നത് എന്നതാണ് ​ശ്രദ്ധേയം. എന്നാൽ, ഇക്കാര്യം നിഷേധിച്ച് യു.എസ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയിട്ടുണ്ട്.

ഇറാന്റെ മരവിപ്പിച്ച സ്വത്തുകൾ ഏകദേശം ആറ് ബില്യൺ ഡോളർ (ഏകദേശം 50,000 കോടി രൂപ) വരുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇസ്‍ലാമാബാദിൽ നടക്കുന്ന ചർച്ചകളിലെ സുപ്രധാന നിർദേശങ്ങളിലൊന്നാണ് മരവിപ്പിച്ച സ്വത്തുകൾ വിട്ടുനൽകലെന്ന് പേരുവെളിപ്പെടുത്താത്ത ഇറാൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഹുർമൂസ് കടലിടിക്കിലൂടെ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ചർച്ചകളിലെ ഒരു പ്രധാന വിഷയം ഇതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, മരവിപ്പിച്ച സ്വത്തുകൾ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരുപ്രതികരണവും വന്നിട്ടില്ല.



ഫണ്ടുകൾ മരവിപ്പിക്കുന്നത് എട്ടുവർഷങ്ങൾക്ക് മുമ്പ്

2018ൽ അമേരിക്ക ഇറാന്റെ ആറ് ശതകോടി ഡോളറാണ് മരവിപ്പിച്ചത്. ദക്ഷിണ കൊറിയക്ക് എണ്ണ വിറ്റതിലൂടെ ലഭിച്ച തുകയായിരുരുന്നു ഇത്. അന്നത്തെ അമേരിക്കൻ പ്രസിഡൻറായിരുന്ന ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവ കരാറിൽനിന്ന് പിന്മാറുകയും ഉപരോധം ഏർപ്പെടുത്തുകയുമായിരുന്നു. ഇതോടെ ഈ പണം ദക്ഷിണ കൊറിയൻ ബാങ്കുകളിൽ കുടുങ്ങി.

എന്നാൽ, 2023 സെപ്റ്റംബറിൽ യു.എസ്-ഇറാൻ തടവുകാരെ കൈമാറുന്നതിനുള്ള കരാറിന്റെ ഭാഗമായി ഈ പണം ദക്ഷിണ കൊറിയയിൽനിന്ന് ഖത്തറിലെ ബാങ്കിലേക്ക് മാറ്റി. തടവിലാക്കപ്പെട്ട അഞ്ച് അമേരിക്കൻ പൗരന്മാരെ വിട്ടയക്കുന്നതിന് പകരമായാണ് ഈ തുക വിട്ടുനൽകാൻ തീരുമാനിച്ചത്. ആ വർഷം തന്നെ ഒക്ടോറബറിൽ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഈ ഫണ്ടുകൾ വീണ്ടും മരവിപ്പിച്ചു.ഹമാസുമായുള്ള ബന്ധം ആരോപിച്ചായിരുന്നു ഫണ്ടുകൾ വീണ്ടും തടഞ്ഞുവെച്ചത്.

Tags:    
News Summary - US to release Rs 50,000 crore frozen assets to Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.