വാഷിങ്ടൺ: ഇറാൻ സൈന്യം വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ ഓഫിസറെ യു.എസ് വ്യോമസേന അതിസാഹസികമായി മരണമുഖത്തുനിന്ന് രക്ഷിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ മാധ്യമങ്ങൾ. പർവത വിള്ളലിൽ ഒളിച്ചിരിക്കുകയും തുടർന്ന് ശത്രുസൈന്യത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ 7,000 അടി ഉയരത്തിലേക്ക് കയറുകയും ചെയ്തുവെന്നും രണ്ടുദിവസത്തെ ജീവൻ-മരണ ദൗത്യത്തിനുശേഷം അമേരിക്കൻ സൈന്യം ഓഫിസറെ രക്ഷപ്പെടുത്തിയെന്നും ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടു.
വെള്ളിയാഴ്ച രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുവെച്ച് യു.എസ് യുദ്ധവിമാനമായ ‘എഫ്-15ഇ സ്ട്രൈക്ക് ഈഗിളി’നെ ഇറാൻ വെടിവെച്ചിട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാർ അതിൽനിന്ന് പുറത്തേക്ക് ചാടി. പൈലറ്റിനെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും കൂടെ ഉണ്ടായിരുന്ന വൈമാനികനുവേണ്ടി യു.എസ് വ്യോമസേനാ ഉദ്യോഗസ്ഥൻ ഉടൻ തിരച്ചിൽ ആരംഭിച്ചു. ഇയാളെ പിടികൂടുന്നവർക്ക് ഇറാൻ ഭരണകൂടം കഴിഞ്ഞ ദിവസം വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ‘എഫ്-15ഇയിൽനിന്ന് ചാടി രക്ഷപ്പെട്ടശേഷം ഓഫിസർ ഒരു പർവത വിള്ളലിൽ ഒളിച്ചു. 24 മണിക്കൂറിലേറെ ഇറാൻ സൈന്യത്തിന്റെ കണ്ണിൽപെടാതെ മറഞ്ഞുനിന്നു. ഒരു ഘട്ടത്തിൽ പർവത വിള്ളലിനിടയിലൂടെ 7,000 അടി മുകളിലേക്ക് കയറി. ഓഫിസറുടെ സ്ഥാനം അമേരിക്കക്ക് തുടക്കത്തിൽ മനസ്സിലാക്കാനായില്ല. എന്നാൽ, സി.ഐ.എയുടെ സഹായത്തോടെ ഒളിത്താവളം കണ്ടെത്തി’യെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പങ്കിട്ട വിവരങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
‘അത്ഭുതകരമായ ധീരതയുടെയും കഴിവിന്റെയും പ്രകടനം’ എന്ന് രക്ഷപ്പെടലിനെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. ‘ഗുരുതരമായി പരിക്കേറ്റ ധീരനായ, എഫ്-15 ക്രൂ ഓഫിസറെ ഇറാന്റെ പർവതങ്ങൾക്കുള്ളിൽനിന്ന് ഞങ്ങൾ രക്ഷപ്പെടുത്തി. ഇറാനിയൻ സൈന്യം കഠിനാധ്വാനം ചെയ്ത് അടുത്തെത്തിയിട്ടും’ എന്ന് ട്രൂത്ത് സോഷ്യലിൽ ട്രംപ് എഴുതി. രക്ഷപ്പെടുത്തിയ സംഘത്തെയും ട്രംപ് ശ്ലാഘിച്ചു. തങ്ങളുടെ യുദ്ധവിമാനത്തിനു നേർക്കുള്ള ആക്രമണത്തിൽ അമേരിക്കക്കാരായി ആരും കൊല്ലപ്പെട്ടില്ലെന്ന് ട്രംപിന്റെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന് ഇറാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.