വാഷിങ്ടൺ: ഇസ്രായേലിനുള്ള 3.3 ബില്യൺ ഡോളറിന്റെ സൈനിക സഹായം തടയുന്നതിനുള്ള ഭേദഗതിയെ ചൊല്ലി ഉന്നത ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നത. റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസ്സിയാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. പാർട്ടിയിലെ ഏറ്റവും ഉയർന്ന രണ്ട് നിയമസഭാംഗങ്ങൾ ഈ നീക്കത്തെ എതിർക്കുമെന്ന് പറഞ്ഞപ്പോൾ, പ്രോഗ്രസീവ് കോക്കസ് ചെയർ തന്റെ സഹപ്രവർത്തകരോട് ഫണ്ടിങ് നിർത്തലാക്കുന്നതിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. ഹൗസ് മൈനോറിറ്റി ലീഡർ ഹക്കിം ജെഫ്രിസും ഡെമോക്രാറ്റുകളിൽ മൂന്നാം സ്ഥാനത്തുള്ള പീറ്റ് അഗിലാറും ബില്ലിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ കോൺഗ്രഷണൽ പ്രോഗ്രസീവ് കോക്കസ് ചെയർമാൻ ഗ്രെഗ് കാസർ, ഡെമോക്രാറ്റ് അംഗം ഇൽഹാൻ ഉമർ തുടങ്ങിയവർ ബില്ലിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.
മാസ്സിയുടെ നിർദ്ദേശം "വളരെയധികം വിശാലമാണ്" എന്ന് ചൂണ്ടിക്കാട്ടി അതിനെതിരെ വോട്ട് ചെയ്യുമെന്ന് ഹൗസ് മൈനോറിറ്റി ലീഡർ ഹക്കിം ജെഫ്രിസ് അറിയിച്ചു. ഇക്കാര്യത്തിൽ മറ്റ് ഡെമോക്രാറ്റുകളെ നിർബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
"വലതുപക്ഷ നെതന്യാഹു സർക്കാരിന്റെ കാര്യത്തിൽ അടിയന്തര മാറ്റം കൈവരിക്കാൻ ഇതിലും നിർണായകമായ വഴികളുണ്ടെന്നാണ് എന്റെ അഭിപ്രായം," ജെഫ്രിസ് എഴുതി. തങ്ങൾ പിന്തുണയ്ക്കാത്ത ഒരു ഭേദഗതിയെ കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കായി ആയുധമാക്കാൻ റിപ്പബ്ലിക്കൻ നേതാക്കൾ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നിരുന്നാലും പാർട്ടിയുടെ വോട്ട് സ്വാധീനിക്കാൻ താൻ ഔദ്യോഗികമായി ശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രഷണൽ പ്രോഗ്രസീവ് കോക്കസ് ചെയർമാൻ ഗ്രെഗ് കാസർ താൻ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. ഭേദഗതിയെ പിന്തുണയ്ക്കണമെന്ന് സഹപ്രവർത്തകരോടും അദ്ദേഹം ആവശ്യപ്പെട്ടു. നികുതിപ്പണം ഇസ്രായേൽ സൈന്യത്തിന് സബ്‌സിഡിയായി നൽകുന്നത് അവസാനിപ്പിക്കാൻ അമേരിക്കൻ ജനത ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രായേലിനോടും പലസ്തീനോടും ഡെമോക്രാറ്റിക് പാർട്ടിക്ക് ഒരു പുതിയ സമീപനം ആവശ്യമാണെന്നും ഗ്രെഗ് കാസർ പറഞ്ഞു. ബില്ലിനെ പിന്തുണച്ച് 'അതെ' എന്ന് വോട്ട് ചെയ്യുമെന്ന് ഡെമോക്രാറ്റ് അംഗം ഇൽഹാൻ ഉമർ പറഞ്ഞു. “ഈ വംശഹത്യപരമായ വർണവിവേചന ഭരണകൂടത്തിന് ഞങ്ങൾ ധനസഹായം നൽകുന്നത് തുടരുന്നത് ബുദ്ധിശൂന്യമാണ്. 'അതെ' എന്ന് വോട്ട് ചെയ്യുക,” ഉമർ എക്‌സിൽ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.