നെതന്യാഹുവിന് ട്രംപിന്റെ സമ്മർദം; സിറിയ, ലബനാൻ അതിർത്തികളിൽ നിന്ന് പിന്മാറണമെന്ന് നിർദേശം

വാഷിങ്ടൺ: സിറിയയിൽ നിന്നും ലബനാനിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന ഫോൺ സംഭാഷണത്തിനിടെയാണ് ട്രംപ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ഇസ്രായേലിന്റെ സൈനിക സാന്നിധ്യം സിറിയൻ പ്രദേശത്ത് അനാവശ്യമായ സംഘർഷങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും, അവർക്ക് നിങ്ങളെ ആവശ്യമില്ല, സൈന്യത്തെ പിൻവലിക്കണമെന്ന് ട്രംപ് നെതന്യാഹുവിനോട് വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലബനാന്റെ കാര്യത്തിലും സമാനമായ ആവശ്യം ട്രംപ് ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ ഇസ്രായേലിന്റെ സുരക്ഷാ ആവശ്യങ്ങൾ മുൻനിർത്തി നെതന്യാഹു ഈ നിർ​ദേശത്തെ എതിർത്തതായാണ് വിവരം. സിറിയയുമായി ഒരു സുരക്ഷാ കരാറിലെത്താൻ മാസങ്ങളായി അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും, സൈന്യത്തെ പിൻവലിക്കാൻ നെതന്യാഹു തയാറാകാത്തത് ഈ നീക്കത്തിന് തിരിച്ചടിയാണ്. ഇതിനിടെ ഇസ്രായേലിന്റെ എതിർപ്പ് അവഗണിച്ച് ട്രംപ് സിറിയയെ ഭീകരവാദ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു.

എന്നാൽ അതിർത്തികളിൽ സുരക്ഷാ മേഖലകൾ അത്യാവശ്യമാണെന്ന ഉറച്ച നിലപാടിലാണ് നെതന്യാഹു. ട്രംപുമായുള്ള ബന്ധം ശക്തമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുമ്പോഴും, ഈ വിഷയത്തിൽ കാര്യമായ പ്രതികരണത്തിന് അവർ തയാറായിട്ടില്ല.

അതേസമയം, ലബനാനുമായുള്ള നയതന്ത്ര ചർച്ചകൾ റോമിൽ തുടരുകയാണ്. ഇസ്രായേൽ സൈന്യത്തെ തെക്കൻ ലബനാനിലെ രണ്ട് നിശ്ചിത പൈലറ്റ് സോണുകളിൽ നിന്നും പിൻവലിച്ച്, അവിടെ ലബനീസ് സൈന്യത്തെ സുരക്ഷാ ചുമതല ഏൽപ്പിക്കാനാണ് തീരുമാനം. ഹിസ്ബുല്ലയുടെ ആയുധങ്ങൾ നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. എന്നാൽ തീരുമാനമെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പിന്മാറ്റം നടപ്പിലാകാത്തത് ചർച്ചകളുടെ വേഗത കുറക്കുന്നുണ്ട്. ചർച്ചകൾ ക്രിയാത്മകമാണെന്നും ഇരുപക്ഷവും പുരോഗതി പ്രതീക്ഷിക്കുന്നുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ഇതിനിടെ, ഇസ്രായേലി കുടിയേറ്റക്കാരുടെ സംഘം ലബനാനിലേക്കും സിറിയയിലേക്കും അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത് പുതിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. തെക്കൻ ലബനാനിൽ കുടിയേറ്റം ആവശ്യപ്പെടുന്ന ഉറി സഫോൺ എന്ന സംഘടനയിലെ അംഗങ്ങൾ അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും സൈന്യം അവരെ പിടികൂടി. സമാനമായ രീതിയിൽ ഗോലാൻ ഹൈറ്റ്സ് വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച 'ബഷാൻ പയനിയേഴ്സ്' എന്ന സംഘത്തെയും സൈന്യം തടഞ്ഞു. ഇസ്രായേലിന്റെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 

Tags:    
News Summary - Trump said to urge Netanyahu to pull Israeli troops from Syria, Lebanon in recent call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.