തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിനെ ചൊല്ലി പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായിരിക്കെ, അമേരിക്കയുടെ സഖ്യരാജ്യങ്ങളുടെ എണ്ണ, വാതക കയറ്റുമതി റൂട്ടുകളും ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പുമായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ബഹ്‌റൈനിലെ യു.എസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് താവളത്തിന് നേരെ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ്, മേഖലയിലൂടെ ഗതാഗതം നടത്തുന്ന അമേരിക്കൻ സഖ്യരാജ്യങ്ങൾക്ക് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകിയത്. "മേഖലയിലെ എണ്ണ, വാതക കയറ്റുമതി എല്ലാവർക്കും വേണ്ടിയുള്ളതാണ്, അല്ലെങ്കിൽ ആർക്കും വേണ്ടിയുള്ളതല്ല" എന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി.
ഓപ്പറേഷൻ നസ്ർ 2-ന്റെ അഞ്ചാം തരംഗം തങ്ങൾ നടത്തിയെന്നും ബഹ്‌റൈനിലെ യു.എസ് അഞ്ചാം ഫ്ലീറ്റ് താവളത്തിലെ എൻ.എസ്.ഐ മാനേജ്‌മെന്റ് സെന്റർ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, സൈനിക ഭാഗങ്ങളും ഉപകരണങ്ങളും അടങ്ങിയ വലിയ വെയർഹൗസുകൾ, ഇന്ധന ടാങ്കുകൾ എന്നിവ തകർത്തെന്നും സേന അവകാശപ്പെട്ടിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയെ വിന്യസിക്കുകയും ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം അവകാശപ്പെടുകയും ചെയ്തതിലൂടെ അമേരിക്ക ഫലത്തിൽ സമുദ്രപാതകൾ അടച്ചതായും ലോകത്തെ മേഖലയിലെ എണ്ണ, വാതകത്തിൽ നിന്ന് അകറ്റിയതായും പ്രസ്താവനയിൽ അമേരിക്കയെ കുറ്റപ്പെടുത്തി.
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ലോകത്തേക്കുള്ള എണ്ണ, വാതക കയറ്റുമതിയുടെ പാത തങ്ങളുടെ കൊള്ളക്കാർ അടച്ചുകഴിഞ്ഞ സ്ഥിതിക്ക്, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റ് എണ്ണ, വാതക കയറ്റുമതി റൂട്ടുകളും അടച്ചുപൂട്ടാൻ അവർ തയ്യാറായിരിക്കണം. മേഖലയിലെ എണ്ണ, വാതക കയറ്റുമതി എല്ലാവർക്കും വേണ്ടിയുള്ളതാണ്, അല്ലെങ്കിൽ ആർക്കും വേണ്ടിയുള്ളതല്ല- ഐ.ആർ.ജി.സി വ്യക്തമാക്കി.
അതേസമയം, യുഎസ് ഫൈറ്റർ എയർക്രാഫ്റ്റുകൾ, ഡ്രോണുകൾ, നാവിക കപ്പലുകൾ എന്നിവ ഉപയോഗിച്ച് ഡസൻ കണക്കിന് സൈനിക ലക്ഷ്യങ്ങൾക്ക് നേരെ കൃത്യമായ മിസൈലുകൾ പ്രയോഗിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പോകുന്ന കപ്പലുകൾക്കെതിരെ യുഎസ് സേന വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, ഇറാനെതിരെ വിപുലമായ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച സിറ്റുവേഷൻ റൂമിൽ യോഗം വിളിച്ചു. ഹുർമുസ് കടലിടുക്കിലെ തുടരുന്ന ആക്രമണങ്ങൾക്ക് പുറമേ, ഇറാനിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിൽ വിനാശകരമായ ആക്രമണങ്ങൾ നടത്തുന്നതിനുള്ള പുതിയ പദ്ധതികളിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇറാനെ സമ്മർദ്ദത്തിലാക്കി ജലപാത വീണ്ടും തുറപ്പിക്കാനും തന്റെ ആണവ ആവശ്യങ്ങൾ അംഗീകരിപ്പിക്കാനും സമ്മർദ്ദം ചെലുത്താൻ ആക്രമണം കടുപ്പിക്കാൻ ട്രംപ് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് യോഗം ചേർന്നത്.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിന്റ് ചീഫ്‌സ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ്, വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരടങ്ങുന്ന ഉന്നത ദേശീയ സുരക്ഷാ സംഘത്തോടൊപ്പമാണ് ട്രംപ് സിറ്റുവേഷൻ റൂമിൽ പങ്കെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.