ഹൂതി ഡ്രോൺ വെടിവെച്ചിട്ടതായി യു.എസ്

വാഷിങ്ടൺ: യമനിലെ ഹൂതി വിഭാഗം ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യംവെച്ച് അയച്ച നാല് ഡ്രോണുകൾ വെടിവെച്ചിട്ടതായി യു.എസ്. യു.എസ്.എസ് ലബൂൺ ഗൈഡഡ് മിസൈൽ ഉപയോഗിച്ചാണ് ഡ്രോൺ തകർത്തത്.

ചെങ്കടലിലെ ആക്രമണങ്ങളിൽ ഇറാന് വ്യക്തമായ പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം വാഷിങ്ടൺ ആ​രോപിച്ചിരുന്നു. ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്. അതിനിടെ ഇറാന്റെ പിന്തുണയുള്ള സൈനിക വിഭാഗങ്ങൾ അക്രമം വ്യാപിപ്പിച്ചാൽ പൊറുക്കില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പറഞ്ഞു.

എന്നാൽ, ഗസ്സക്ക് മേൽ അതിക്രമം തുടരുന്ന കാലത്തോളം ഇസ്രായേലിന്റെയും അവരെ പിന്തുണക്കുന്നവരുടെയും കപ്പലുകൾ ചെങ്കടലിലൂടെ പോകാൻ അനുവദിക്കില്ലെന്ന് ഹൂതികൾ ആവർത്തിച്ച് വ്യക്തമാക്കി.

ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം

സൻആ: ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഹൂതി വിമതർ സ്ഥിരമായി ആക്രമണം നടത്തുന്ന സ്ഥലത്തുവെച്ചാണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ചെങ്കടലിൽ ബാബ് അൽമന്ദബിനോട് ചേർന്ന് പ്രദേശത്തുവെച്ചാണ് ആളില്ല ഡ്രോൺ കപ്പലിന് നേരെ ആക്രമണം നടത്തിയത്. സലീഫ് തുറമുഖത്ത് നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്ന സ്ഥലമെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് നാശനഷ്ടമുണ്ടായില്ലെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണ്. ഏജൻസികൾ കപ്പലിന് നേരെ നടന്ന ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചുവെന്നും യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

Tags:    
News Summary - US says Houthi drones shot down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.