വാഷിങ്ടൺ: ഇറാന്റെ സാമ്പത്തിക ഭദ്രത തകർക്കുക ലക്ഷ്യമിട്ട് അമേരിക്ക പുതിയതായി പ്രഖ്യാപിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിയുടെ ഭാഗമായി, നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യക്കാർക്കുമെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി. ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ വ്യാപാരത്തിൽ പങ്കാളികളായെന്നാരോപിച്ചാണ് ഈ നടപടി.
ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപന്നങ്ങൾ വാങ്ങുകയോ, കൈവശം വെക്കുകയോ, വിൽക്കുകയോ, കടത്തുകയോ, വിപണനം നടത്തുകയോ ചെയ്യുന്ന വലിയ ഇടപാടുകളിൽ ഈ വ്യക്തികളും സ്ഥാപനങ്ങളും അറിഞ്ഞുകൊണ്ട് പങ്കാളികളായി എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. തിങ്കളാഴ്ച യു.എസ് ട്രഷറി വകുപ്പ് ഒരേസമയം ഉപരോധിച്ച 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയിൽ ഉൾപ്പെട്ടവരാണ് ഇവർ.
പോർടീസ് പാർട്ണേഴ്സ് എൽ.എൽ.പി: ഇറാനിൽനിന്നുള്ള പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി സുഗമമാക്കാൻ കൂട്ടുനിന്ന കസ്റ്റംസ് ബ്രോക്കർ സ്ഥാപനം. ഇതിന്റെ ഡെസിഗ്നേറ്റഡ് പങ്കാളികളായ ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിസ്മിയ അഷ്റഫ്മിയ ഷേഖ് എന്നിവരും ഉപരോധ പട്ടികയിലുണ്ട്.
സദാശിവ ഓവർസീസ് ലിമിറ്റഡ്: വിവിധ കമ്പനികളിൽ നിന്നായി ഏകദേശം 69 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
പി.പി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്: ഏകദേശം 25 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇതിന്റെ ഡയറക്ടറായ പ്രശാന്ത് ഗാർഗും പട്ടികയിലുണ്ട്.
പ്രകൃതീസ് ഇൻഫ്ര ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്: ഏകദേശം 25 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഈ ഘട്ടത്തിൽ കടുത്ത പിഴകളോ ശിക്ഷാനടപടികളോ ഉടൻ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിലവിലുള്ള സംഘർഷാവസ്ഥക്കിടയിലും മിഡിൽ ഈസ്റ്റിലെ വിവിധ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെ അയച്ചുതുടങ്ങിയിട്ടുണ്ട്. സംഘർഷം പെട്ടെന്ന് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് വാഷിങ്ടൺ വിലയിരുത്തുന്നതിന്റെ സൂചനയാണ് ഈ നയതന്ത്രപരമായ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.