താൽക്കാലിക കപ്പൽപാത തുറന്നാലും ഹുർമുസ് തുറക്കില്ലെന്ന് ഇറാൻ

തെഹ്‌റാൻ: ഒമാനുമായുള്ള താൽക്കാലിക സമുദ്രപാത തുറന്നാലും ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാൻ നിയമ-അന്താരാഷ്ട്രകാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസം ഖരിബാബാദി വ്യക്തമാക്കി. ഒമാനുമായുള്ള താൽക്കാലിക പാതയുടെ ധാരണയെ ഹുർമുസ് വീണ്ടും തുറക്കുന്നതായി വ്യാഖ്യാനിക്കരുത്. സൈനികപരമായി ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 58 വർഷമായി കപ്പലുകൾ ഒമാൻ ജലാശയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇറാനു വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് ഇപ്പോൾ ഇറാന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. പ്രവേശന, നിർഗമന പാതകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ധാരണയനുസരിച്ച് പേർഷ്യൻ ഉൾക്കടലിലേക്കുള്ള പ്രവേശന പാത ഇറാനിയൻ ജലാശയത്തിലൂടെയും പുറത്തേക്ക് പോകുന്ന പാത ഒമാൻ പ്രാദേശിക ജലാശയത്തിലൂടെയുമായിരിക്കും. ധാരണാപത്രത്തിൽ അടങ്ങിയിരിക്കുന്ന ഇറാനിയൻ നിബന്ധനകൾ യുഎസ് അംഗീകരിച്ചിട്ടില്ലെങ്കിൽ ഇറാന്റെ നിലപാട് തുടരുമെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി.

നിർദ്ദിഷ്ട പാത താൽക്കാലികമായിരിക്കുമെന്നും സമുദ്ര ഗതാഗത പദ്ധതിക്ക് പകരം 30 മുതൽ 60 ദിവസത്തിനകം പുതിയൊരു സ്ഥിര പാതയെക്കുറിച്ച് ഇറാനും ഒമാനും ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ധാരണാപത്രപ്രകാരം സൈനിക കപ്പലുകൾക്ക് കടന്നുപോകാൻ അനുവാദമുണ്ടായിരിക്കില്ല. വാണിജ്യ കപ്പലുകൾക്ക് മാത്രമാണ് ഇതിലൂടെ കടന്നുപോകാൻ അനുവാദമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള സാഹചര്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെങ്കിൽ അവ മുമ്പത്തെപ്പോലെയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസിന്റെ നിയന്ത്രണം ഇറാൻ സൈന്യത്തിന്റെ കൈകളിൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഹുർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലാശയത്തിൽ നിന്ന് എല്ലാ മൈനുകളും നീക്കം ചെയ്യുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു.എസ് നാവികസേന തങ്ങളെ അറിയിച്ചതായി കഴിഞ്ഞ ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. അന്താരാഷ്ട്ര ജലാശയങ്ങളിൽ പുതിയ മൈനുകൾ സ്ഥാപിക്കാനുള്ള ഏത് ശ്രമവും യു.എസ് സൈനിക പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം ഇറാനു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Iran says Hormuz remains closed despite Oman route deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.