ആർ.എസ്.എസ് റാലിക്കെതിരെ സൊഹ്റാൻ മംദാനി; ‘ന്യൂയോർക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ പിന്തുണക്കില്ല’

വാഷിങ്ടൺ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ന്യൂയോർക്കിൽ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ മേയർ സൊഹ്റാൻ മംദാനി. ഈ റാലിയെ താൻ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ സ്വകാര്യ സ്വഭാവമുള്ള ഇത്തരം പരിപാടികൾ റദ്ദാക്കാൻ നഗരഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് സംശയമാണെന്നും വ്യക്തമാക്കി.

ആഗസ്റ്റ് 29ന് മാൻഹട്ടനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദു അമേരിക്കൻ സമൂഹത്തെ ഒരുമിപ്പിച്ച് നിർത്തുന്നതിനായി ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘യൂനിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക പൈതൃകവും അന്തർമത ഐക്യവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സംഘാടകരുടെ അവകാശവാദം.

എങ്കിലും മോഹൻ ഭാഗവതിന്റെ പങ്കാളിത്തവും ആർ.എസ്.എസിന്റെ ചരിത്രവും ചൂണ്ടിക്കാട്ടി നിരവധി പ്രാദേശിക സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

‘ഞാൻ വളർന്നുവന്നതും എന്റെ കുടുംബം എന്നെ പഠിപ്പിച്ചതുമായ ഇന്ത്യയെന്നത് എല്ലാ വിഭാഗം ജനങ്ങളും തുല്യാവകാശത്തോടെ ജീവിക്കുന്ന, മതേതരത്വവും ബഹുസ്വരതയും പുലരുന്ന ഒരു രാജ്യമാണ്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ, ഒഴിവാക്കൽ നയം അടിസ്ഥാനമാക്കിയുള്ള ഒരു മുന്നേറ്റം വളരുന്നത് കാണുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്-മംദാനി അഭിപ്രായപ്പെട്ടു. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്‍ലിം, ഇന്ത്യൻ അമേരിക്കൻ മേയറാണ് സോറൻ മംദാനി.

വിദേശ രാജ്യങ്ങളിൽ സംഘടനയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താനും തങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ പങ്കാളികളായ അർധസൈനിക വിഭാഗമല്ലെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതെന്ന് ആർ.എസ്.എസ് നേതൃത്വം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

എന്നാൽ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള തീവ്രമായ അസഹിഷ്ണുതകളിലും അതിക്രമങ്ങളിലും ആർ.എസ്.എസ് പങ്കാളിയായിട്ടുണ്ടെന്നാണ് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ വിലയിരുത്തൽ.

ഇന്ത്യയിൽ സമീപകാലത്തായി വിദ്വേഷ പ്രസംഗങ്ങൾ വർധിച്ചതായും പൗരത്വ നിയമഭേദഗതി, മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ഇടിച്ചുനിരത്തൽ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ തുടങ്ങിയ നടപടികൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് മേലുള്ള സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും നിരന്തരം ചൂണ്ടിക്കാണിക്കുന്നുണ്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചിട്ടുണ്ട്. എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുന്നക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

Tags:    
News Summary - NYC Mayor Won't Back RSS Rally With Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.