അഞ്ച് ഐ.ആർ.ജി.സി കമാൻഡർമാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കും നിർണായകമായ സൈബർ സംവിധാനങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) അഞ്ച് ഉയർന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ തേടി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഈ അഞ്ച് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 95.7 കോടി രൂപ) പാരിതോഷികവും പുനരധിവാസവും അമേരിക്ക പ്രഖ്യാപിച്ചു.

അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരെ സായുധ ആക്രമണങ്ങളും യു.എസ് ഇൻഫ്രാസ്ട്രക്ചറിന് നേരെ സൈബർ ആക്രമണങ്ങളും നടത്തുന്ന ഐ.ആർ.ജി.സി യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നത് ഈ അഞ്ച് കമാൻഡർമാരാണെന്ന് 'റിവാർഡ്സ് ഫോർ ജസ്റ്റിസ്' പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്. ഇവരുടെ ഫോട്ടോയും പേരും ഔദ്യോഗിക സ്ഥാനങ്ങളും അടക്കം പോസ്റ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡറും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രധാന ലക്ഷ്യവുമായ അഹ്മദ് വഹിദിയാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. കൂടാതെ ഖതമുൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് തലവൻ അലി അബ്ദുല്ലാഹി, ഐ.ആർ.ജി.സി എയ്റോസ്പേസ് ഫോഴ്സിന്റെ ഡ്രോൺ യൂണിറ്റ് കമാൻഡർ സഈദ് അഖാജാനി എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഐ.ആർ.ജി.സി സൈബർ-ഇലക്ട്രോണിക് കമാൻഡ് മേധാവി ഹമീദ്റസ ലശ്ഖേറിയൻ, ഐ.ആർ.ജി.സി ഇന്റലിജൻസ് ഓർഗനൈസേഷൻ കമാൻഡർ മജീദ് ഖദേമി എന്നിവരാണ് മറ്റ് രണ്ട് ആളുകൾ. ലോകമെമ്പാടും ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഐ.ആർ.ജി.സിയുടെ വിവിധ ഘടകങ്ങളെ നിയന്ത്രിക്കുന്നത് ഈ അഞ്ച് ഉദ്യോഗസ്ഥരാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

സാമ്പത്തിക പാരിതോഷികത്തിന് പുറമെ, കൃത്യവും ഉപയോഗപ്രദവുമായ വിവരങ്ങൾ നൽകുന്ന വ്യക്തികൾക്ക് സുരക്ഷിതമായ പുനരധിവാസത്തിനുള്ള സഹായവും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കൻ ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന വ്യക്തികളെ കണ്ടെത്താൻ സുപ്രധാന വിവരങ്ങളുള്ളവരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2026 മാർച്ചിൽ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെയും മറ്റ് ഐ.ആർ.ജി.സി പ്രമുഖരെയും ലക്ഷ്യമിട്ട് നടത്തിയ മുൻകാല കാമ്പെയ്‌ന്റെ തുടർച്ചയായാണ് ഈ പുതിയ പ്രഖ്യാപനം. വാഷിങ്ടണും തെഹ്‌റാനും തമ്മിലുള്ള നിലവിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഐ.ആർ.ജി.സിയുടെ നേതൃത്വത്തെക്കുറിച്ചും ശൃംഖലകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് യു.എസ് ഈ പ്രതിഫല വാഗ്ദാനം ലക്ഷ്യമിടുന്നത്. വിദേശ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള ഐ.ആർ.ജി.സിക്കെതിരെയുള്ള സമ്മർദ്ദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Tags:    
News Summary - US offers $10m reward and relocation for information on five IRGC commanders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.