ന്യൂഡൽഹി: അമേരിക്കയുടെ അത്യാധുനിക ആകാശ നിരീക്ഷണ സംവിധാനമായ അവാക്‌സ് (AWACS - Airborne Warning and Control System) വിമാനം പശ്ചിമേഷ്യ ലക്ഷ്യമാക്കി പറക്കുന്നത് മേഖലയിൽ വീണ്ടുമൊരു യുദ്ധത്തിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണെന്ന് വ്യോമയാന നിരീക്ഷകൻ ജേക്കബ് കെ ഫിലിപ്പ്. അമേരിക്കൻ വ്യോമസേനയുടെ പക്കലുള്ള ആകെ 16 അവാക്‌സ് വിമാനങ്ങളിൽ ഒന്നായ ബോയിങ് ഇ-3ബി സെൻട്രി (റജിസ്‌ട്രേഷൻ 77-0351) ആണ് മേഖലയിലേക്ക് വരുന്നത്.
കഴിഞ്ഞ മാർച്ച് 27-ന് സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ അവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് അവാക്‌സ് വിമാനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഒരെണ്ണം പൂർണ്ണമായും തകരുകയും മറ്റൊന്നിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പകരക്കാരനായി പുതിയ വിമാനം അമേരിക്കയിൽ നിന്ന് എത്തുന്നത്. ആകാശത്തെ യുദ്ധക്കളങ്ങളുടെ മൊത്തത്തിലുള്ള മേൽനോട്ടം വഹിക്കുന്ന ഇത്തരം വിമാനങ്ങൾ മിസൈലുകളെയും വിമാനങ്ങളെയും ട്രാക്ക് ചെയ്യാനും യുദ്ധവിമാനങ്ങൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാനും ശേഷിയുള്ളവയാണ്.
അമേരിക്കയിലെ ഓക്ലഹോമയിലുള്ള ടിങ്കർ വ്യോമസേനാ താവളത്തിൽ നിന്ന് തിങ്കളാഴ്ച യാത്ര തിരിച്ച വിമാനം പോർട്ട്സ്മൗത്തിലും ജർമ്മനിയിലെ റാംസ്‌റ്റൈനിലും ഇറങ്ങിയ ശേഷമാണ് പശ്ചിമേഷ്യയിലേക്ക് പറക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 33,000 അടി ഉയരത്തിൽ, മണിക്കൂറിൽ 840 കിലോമീറ്റർ വേഗതയിൽ ജോർഡൻ ആകാശപരിധി കടന്ന് വിമാനം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിൽ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇത്തരമൊരു നീക്കം നടത്തുന്നത് പശ്ചിമേഷ്യയിൽ നീണ്ടുപോയേക്കാവുന്ന ഒരു രണ്ടാംഘട്ട യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ജേക്കബ് കെ ഫിലിപ്പ് നിരീക്ഷിക്കുന്നു.
ബോയിങ് ഇ-3ബി സെൻട്രി ഇനത്തിൽപ്പെട്ട, 48 കൊല്ലം പഴക്കമുള്ള (റജിസ്‌ട്രേഷൻ 77-0351), അമേരിക്കൻ വ്യോമസേനയുടെ ഒരു എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം (അവാക്‌സ്) വിമാനം സൗദിയിലേക്ക് പറന്നടുത്തുകൊണ്ടിരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴേകാലിന് അമേരിക്കയിലെ ഓക്ലഹോമയിലുള്ള ടിങ്കർ വ്യോമസേനാ താവളത്തിൽ നിന്ന് യാത്രതിരിച്ച് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പോർട്ട്സ്മൗത്ത് വിമാനത്താവളത്തിൽ ഇറങ്ങി, രാത്രി എട്ട് അൻപതിന് അവിടെ നിന്ന് പിന്നെയും ടേക്കോഫു ചെയ്ത് ചൊവ്വാഴ്ച രാവിലെ പത്തിരുപതിന് ജർമ്മനിയിലെ റാംസ്‌റ്റൈൻ സേനാതാവളത്തിൽ ഇറങ്ങി, ഇന്നു രാവിലെ 9.50ന് അവിടെ നിന്ന് പറന്നുയർന്നിട്ടുള്ള വരവാണ് ഇതെന്ന് ട്രാക്കിങ് സൈറ്റുകൾ പറഞ്ഞു തന്നു.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മാർച്ച് 27ന് സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ ഇറാൻ നത്തിയ ആക്രമണത്തിൽ, അവിടെ പാർക്കു ചെയ്തിരുന്ന നാല് അവാക്സ് വിമാനങ്ങളിൽ ഒരെണ്ണം പൂർണമായി ഉപയോഗശൂന്യമാവുകയും മറ്റൊന്നിന് കേടുപറ്റുകയും ചെയ്ത ശേഷം, അമേരിക്കയിൽ നിന്ന് വീണ്ടും ആകാശത്തിന്റെ മേൽനോട്ടക്കാരിൽ ഒരാളെ അമേരിക്ക കൊണ്ടു വരുന്നത് ഇപ്പോഴാണ്.
പോർനിലങ്ങളുടെ ആകാശത്തിന്റെ മൊത്തത്തിലുള്ള മേൽനോട്ടം വഹിക്കുന്ന അവാക്‌സ് വിമാനങ്ങൾ, വിമാനങ്ങളും മിസൈലുകളുമെല്ലാം ട്രാക്കു ചെയ്യുക, യുദ്ധവിമാനങ്ങൾക്ക് നിർദ്ദേശം കൊടുക്കുക, വൻതോതിലുള്ള ആകാശ സന്നാഹങ്ങൾക്ക് ചുക്കാൻ പിടിക്കുക തുടങ്ങിയവയാണ് ചെയ്യുക.
33,000 അടിപ്പൊക്കത്തിൽ, മണിക്കൂറിൽ 840 കിലോമീറ്റർ വേഗത്തിൽ ജോർദ്ദാൻ കടന്ന് പി്‌ന്നെയും കിഴക്കോട്ടുള്ള ഈ പറക്കൽ, മാർച്ചിൽ ഒരു അവാക്‌സിന്റെ തകർച്ച കണ്ട സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിലേക്കു തന്നെയാകാനാണ് സാധ്യത.
അമേരിക്കയ്ക്ക് ആകെയുള്ള 16 അവാക്‌സ് വിമാനങ്ങളിലൊന്ന് പിന്നെയും പശ്ചിമേഷ്യിലേക്ക് കൊണ്ടുവരുന്നത്, സമാധാന ചർച്ചകളിൽ പങ്കെടുക്കുമ്പോഴും, നീണ്ടു പോയേക്കാവുന്ന ഒരു രണ്ടാംഘട്ട യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുകയും ചെയ്യുന്നു എന്നു തന്നെയാണ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.