ഹൈദരാബാദ്: ഹൈദരാബാദിലെ യു.എസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് നൽകിയതിൽ നന്ദി അറിയിച്ച് ട്രംപ് രംഗത്ത്. ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പുനർനാമകരണം ചെയ്ത റോഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഇതൊരു "അപൂർവ്വ ആദരവാണെന്ന്" ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ പ്രതികരിച്ചു. ഇത്തരമൊരു ആദരം ലഭിക്കുന്ന ആദ്യത്തെ യു.എസ് പ്രസിഡന്റാണ് താനെന്നും ട്രംപ് കുറിച്ചു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഹൈദരാബാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള റോഡിന്റെ നാമകരണം നടന്നത്. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ, ഹൈദരാബാദിലെ യു.എസ് കോൺസൽ ജനറൽ ലോറ വില്യംസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികൾ പ്രവർത്തിക്കുന്ന പ്രദേശം കൂടിയാണിത്.
അതേസമയം, ട്രംപിന്റെപേര് റോഡിന് നൽകിയ തീരുമാനത്തിനെതിരെ നഗരത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ട്രംപിന്റെ നയങ്ങളും നിലപാടുകളും ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും, അങ്ങനെയൊരാളുടെ പേര് ഇന്ത്യൻ നഗരത്തിലെ റോഡിന് നൽകുന്നത് അനുചിതമാണെന്നുമാണ് വിമർശകരുടെ വാദം.
യു.എസ്-ഇസ്രായേൽ യുദ്ധം ലോകമെമ്പാടും വലിയ നാശം വിതക്കുന്ന സാഹചര്യത്തിൽ, തെലങ്കാന സർക്കാർ നടത്തിയ ഈ നീക്കം അതീവ പ്രതിഷേധാർഹമാണെന്ന് ഇടതുപക്ഷ പാർട്ടികൾ ആരോപിച്ചു. സി.പി.ഐ, സി.പി.എം, സി.പി.ഐ-എം.എൽ (ന്യൂ ഡെമോക്രസി), സി.പി.ഐ-എം.എൽ (മാസ്‌ലൈൻ), മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ, സി.പി.ഐ-എം.എൽ (ജനശക്തി) തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റാലികൾ നടന്നു.
ട്രംപ് ഒരു മാതൃകാപുരുഷനല്ലെന്നും, കുടിയേറ്റം, വംശീയത, അന്താരാഷ്ട്ര നയതന്ത്രം എന്നിവയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ വിവാദപരമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാർ റോഡിന് മുന്നിൽ ഒത്തുകൂടി മുദ്രാവാക്യം വിളിക്കുകയും സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിന്റെ പ്രതീകാത്മക അംഗീകാരമാണ് ഈ നടപടിയെന്ന് തെലങ്കാന സർക്കാർ വിശദീകരിക്കുന്നു. ആഗോള സാങ്കേതിക-വാണിജ്യ കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ വളർച്ചയെയും അന്താരാഷ്ട്ര പ്രാധാന്യത്തെയുമാണ് ഈ പേരുമാറ്റം പ്രതിഫലിപ്പിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ജനകീയ പ്രതിഷേധങ്ങൾക്കിടയിലും സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നത് രാഷ്ട്രീയമായ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.