അമേരിക്കയും ഇറാനും നേർക്കുനേർ: വെടിനിർത്തൽ കരാർ കാറ്റിൽപറത്തി വീണ്ടും ആക്രമണം

തെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക സൈനിക ആക്രമണം നടത്തി. കഴിഞ്ഞയാഴ്ച ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിക്കുന്നതിനിടെയാണ് പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ഇറാനിലെ സിറിക്ക് തുറമുഖത്തിന് സമീപമുള്ള മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും റഡാർ സൈറ്റുകൾക്കും നേരെ യു.എസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നതായി യു.എസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ ഈ സൈനിക നടപടി സ്വീകരിച്ചതെന്ന് അമേരിക്ക അവകാശപ്പെട്ടു.

ഇരുപക്ഷവും സൈനിക നടപടികളിലേക്ക് കടന്നതോടെ, ചർച്ചകൾ അന്തിമമാകുന്നത് വരെ ആക്രമണങ്ങൾ പാടില്ലെന്ന വ്യവസ്ഥയോടെ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ അട്ടിമറിക്കപ്പെട്ടു. കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തങ്ങൾ നിശ്ചയിക്കുന്ന പാതയിലൂടെ അല്ലാതെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവെക്കാതെ പുതിയ പാതയിലൂടെ സഞ്ചരിച്ച 'എവർ ലവ്‌ലി' എന്ന സിംഗപ്പൂർ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണമുണ്ടായതാണ് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയത്.

അമേരിക്കൻ ആക്രമണത്തിന് മറുപടിയായി മേഖലയിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടിച്ചു. ഇനിയുമൊരു ആക്രമണം ഉണ്ടായാൽ ഇതിനേക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കരാർ പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അവകാശപ്പെടുമ്പോൾ, കരാറിലെ തത്വങ്ങൾ പാലിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടുവെന്ന് ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി തലവൻ ഇബ്രാഹിം അസീസി കുറ്റപ്പെടുത്തി.

ഇതിനിടെ, ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ഹിസ്ബുല്ലയും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ, മേഖല പൂർണമായും യുദ്ധത്തിലേക്ക് തന്നെ മടങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. 

Tags:    
News Summary - US strikes Iran after attack on vessel in Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.