സമാധാനത്തിലേക്കൊരു ചുവടുവെപ്പ്; ഇസ്രായേലും ലബനാനും ‘ഫ്രെയിംവർക്ക് കരാറി’ലെത്തി, ദക്ഷിണ ലബനാനിലെ അധീന പ്രദേശങ്ങൾ കൈമാറും

വാഷിങ്‌ടൺ: അനിശ്ചിതത്വങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ ഇസ്രായേലും ലബനാനും തമ്മിൽ ചരിത്രപരമായ 'ഫ്രെയിംവർക്ക് കരാർ' ഒപ്പുവെച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്‌ടണിൽ നടന്ന അഞ്ചാംഘട്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്. മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പായാണ് ഈ കരാറിനെ വിലയിരുത്തുന്നത്.

ഇസ്രായേൽ സൈന്യം കൈവശം വെച്ചിരിക്കുന്ന ദക്ഷിണ ലബനാനിലെ ചില പ്രദേശങ്ങൾ ലബനീസ് സൈന്യത്തിന് കൈമാറുന്നതാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന ചടങ്ങിൽ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ, ഇരുരാജ്യങ്ങളിലെയും അംബാസഡർമാർ എന്നിവർ കരാറിൽ ഒപ്പുവെച്ചു.

ഇതൊരു ‘ദുഷ്‌കരമായ, എന്നാൽ അനിവാര്യമായ യാത്രയുടെ’ തുടക്കമാണെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചു. ചർച്ചകളുടെ തുടക്കത്തിൽ പലതവണ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ അംബാസഡർ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, ഒടുവിൽ സമവായത്തിലെത്തുകയായിരുന്നു. ഇസ്രായേലും ലബനാനും തമ്മിലുള്ള വിശാലവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള പാതയാണ് ഇതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, പൂർണമായ സൈനിക പിന്മാറ്റം വേണമെന്നായിരുന്നു ലബനന്റെ ആവശ്യം. എന്നാൽ, ഹിസ്ബുല്ലയുടെ നിരായുധീകരണവും അതിർത്തിയിലെ അവരുടെ സാന്നിധ്യം ഒഴിവാക്കുമെന്ന ഉറപ്പും ലഭിക്കാതെ പിന്മാറ്റമില്ലെന്ന നിലപാടിലായിരുന്നു ഇസ്രായേൽ. ഈ തർക്കങ്ങൾക്കിടയിലാണ് ‘പൈലറ്റ് സോണുകൾ’ എന്ന ആശയത്തിലൂടെ ലബനീസ് സൈന്യത്തിന് നിയന്ത്രണം കൈമാറാൻ ധാരണയായത്.

Tags:    
News Summary - Israel-Lebanon sign historic ‘Framework Agreement’; to transfer occupied areas in South Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.