വെനിസ്വേലയിൽ ഇരട്ട ഭൂമികുലുക്കം മരണം വിതച്ച ലാ ൈഗ്വറ പ്രവിശ്യയിലെ കറാബല്ലേഡ നഗരത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് യുവാവിനെ പുറത്തെത്തിച്ചപ്പോൾ
കറാക്കസ്: വെനിസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 589 ആയതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. മൂവായിരത്തോളം പേർക്ക് പരിക്കേറ്റുവെന്നും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. ഭൂകമ്പ ബാധിത മേഖലയിൽ ഇതുവരെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. തലസ്ഥാനമായ കറാക്കസിന്റെ വടക്ക് തീരമേഖലയായ ലാ ൈഗ്വറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് കണക്കുകൾ.
കൂറ്റൻ ഹോട്ടലുകളടക്കം തകർന്നടിഞ്ഞു. രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തൽ രക്ഷാപ്രവർത്തകർ ഊർജിതമാക്കിയിരിക്കുകയാണ്. ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണയും ലഭിക്കുന്നുണ്ട്. യു.എസ്, കാനഡ, മെക്സികോ, ഖത്തർ, ബ്രസീൽ, സ്പെയിൻ, പോർചുഗൽ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലക്കെതിരെ തുടരുന്ന ഉപരോധം ഒക്ടോബർ 23 വരെ യു.എസ് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.