Representational Image 

അമേരിക്കയുടെ കയ്യിൽ അന്യഗ്രഹ പേടകമുണ്ടെന്ന് മുൻ ഇന്‍റലിജൻസ് ഓഫിസർ; മനുഷ്യന്‍റേതല്ലാത്ത അവശിഷ്ടങ്ങൾ ലഭിച്ചെന്നും അവകാശവാദം

വാഷിങ്ടൺ ഡി.സി: പറക്കുംതളികകളെ (യു.എഫ്.ഒ) കുറിച്ചും തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളെ (യു.എ.പി) കുറിച്ചും പതിറ്റാണ്ടുകളായി നടക്കുന്ന പഠനം യു.എസ് സൈന്യം മറച്ചുവെക്കുകയാണെന്ന് വെളിപ്പെടുത്തി മുൻ സൈനിക ഉദ്യോഗസ്ഥൻ. പറക്കുംതളികകളെ കുറിച്ച് യു.എസ് കോൺഗ്രസ് നടത്തുന്ന തെളിവെടുപ്പിനിടെയാണ് എയർ ഫോഴ്സ് മുൻ ഇന്‍റലിജൻസ് ഓഫിസറായിരുന്ന റിട്ട. മേജർ ഡേവിഡ് ഗ്രഷ് ഇക്കാര്യം പറഞ്ഞത്. അതേസമയം, ഡേവിഡ് ഗ്രഷിന്‍റെ വാദങ്ങൾ യു.എസ് സൈനിക ആസ്ഥാനമായ പെന്‍റഗൺ നിഷേധിച്ചു.

പറക്കുംതളികയുടെ അവശിഷ്ടങ്ങൾ യു.എസിന് ലഭിച്ചിട്ടുണ്ടെന്നും ഇതിൽ നിന്നും മനുഷ്യന്‍റേതല്ലാത്ത ജൈവാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഡേവിഡ് ഗ്രഷ് പറഞ്ഞു. അമേരിക്കയുടെ യു.എഫ്.ഒ പ്രൊജക്ടുമായി അടുത്ത ബന്ധമുള്ളവരാണ് തനിക്ക് വിവരം നൽകിയത്. 1930 മുതൽ 'മനുഷ്യന്‍റേതല്ലാത്ത പ്രവൃത്തികളെ' കുറിച്ച് യു.എസിന് വിവരമുണ്ടെന്നും ഇത് ഭരണകൂടം മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ വെളിപ്പെടുത്തി വിസിൽ ബ്ലോവർമാരായി മുന്നോട്ടുവരുന്നവരെ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

അന്യഗ്രഹ പേടകങ്ങളുണ്ടെന്നും അമേരിക്കയും സഖ്യകക്ഷികളും പതിറ്റാണ്ടുകളായി ഭാഗികവും അല്ലാത്തുമായ ഇത്തരം വാഹനങ്ങൾ വീണ്ടെടുക്കുന്നുണ്ടെന്നും ഡേവിഡ് ഗ്രഷ് നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഡേവിഡ് ഗ്രഷിന്‍റെ അവകാശവാദങ്ങളെല്ലാം പെന്‍റഗൺ നിഷേധിച്ചു. യു.എസിന്‍റെ കയ്യിൽ അന്യഗ്രഹ പേടകമില്ലെന്നും അവ വീണ്ടെടുക്കുന്നതിനോ റിവേഴ്സ് എൻജിനിയറിങ്ങിനോ ഉള്ള പദ്ധതികളില്ലെന്നും പെന്‍റഗൺ വിശദമാക്കി.

ഡേവിഡ് ഗ്രഷ്

 

പറക്കുംതളികകളെ കുറിച്ചും അസാധാരണ പ്രതിഭാസങ്ങളെ കുറിച്ചും വിശദമായ തെളിവെടുപ്പാണ് യു.എസ് കോൺഗ്രസ് നടത്തുന്നത്. തെളിവെടുപ്പിനിടെ, പറക്കുംതളികകൾ നേരിട്ട് കണ്ടെന്നവകാശപ്പെട്ട മൂന്ന് പേർ തങ്ങളുടെ മൊഴി രേഖപ്പെടുത്തി. 2004ൽ താൻ പറക്കുംതളിക നേരിട്ടുകണ്ടതായി റിട്ട. നേവി കമാണ്ടർ ഡേവിഡ് ഫ്രേവർ വെളിപ്പെടുത്തി. 2017ൽ ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടെന്നും രണ്ട് വർഷത്തിന് ശേഷം യു.എസ് സൈന്യം ദൃശ്യങ്ങൾ യാഥാർഥ്യമാണെന്ന് അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

പറക്കുംതളികയെ കുറിച്ചുള്ള നിഗൂഢതകളുടെ ചുരുളഴിക്കാൻ അമേരിക്കൻ സൈന്യം ഏറെക്കാലമായി ശ്രമിക്കുകയാണ്. ഇതിനായി യു.എസ് നേവിയുടെ കീഴിൽ പ്രത്യേക ദൗത്യസംഘത്തെ തന്നെ പെന്‍റഗൺ നിയോഗിച്ചിട്ടുണ്ട്. പറക്കുംതളികകൾ ഉൾപ്പടെയുള്ള ആകാശ പ്രതിഭാസങ്ങൾ യാഥാർഥ്യമാണോ, യാഥാർഥ്യമാണെങ്കിൽ അവയുടെ ഉത്ഭവവും സ്വഭാവവും എങ്ങിനെ തുടങ്ങിയ കാര്യങ്ങളാണ് സംഘം പഠിക്കുന്നത്.

2004ലും 2015ലുമായി യു.എസ് നേവിയുടെ കാമറയിൽ പതിഞ്ഞ യു.എഫ്.ഒ ദൃശ്യങ്ങൾ പെന്‍റഗൺ പുറത്തുവിട്ടിരുന്നു. യു.എഫ്.ഒകളെ കുറിച്ച് പഠിക്കാനുള്ള ദശലക്ഷക്കണക്കിന് ഡോളറിന്‍റെ പദ്ധതിക്ക് തങ്ങൾ ധനസഹായം നൽകിയിരുന്നതായും എന്നാൽ 2012ൽ ഇത് അവസാനിപ്പിച്ചതായും 2017ൽ പെന്‍റഗൺ സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - US govt is in possession of UFOs and non-human bodies, ex-intelligence official tells Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.