വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിക്ക് യു.എസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി സമൻസ് അയച്ചു. എപ്സ്റ്റീൻ കേസിലെ സുപ്രധാന തെളിവുകൾ നീതി ന്യായ വകുപ്പ് മറച്ചുവെക്കുന്നു എന്ന പരാതിയിലാണ് പാർലമെന്റിന്റെ നീക്കം.
റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി നാൻസി മേസ് അവതരിപ്പിച്ച പ്രമേയം 19നെതിരെ 24 വോട്ടുകൾക്കാണ് പാസായത്. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തെ പിന്തുണച്ചു എന്നത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായി തിരിച്ചടിയായിട്ടുണ്ട്. എപ്സ്റ്റീന്റെ നിയമവിരുദ്ധ ശൃംഖലയെക്കുറിച്ചുള്ള വിഡിയോകൾ, ഓഡിയോകൾ, മറ്റ് നിർണ്ണായക രേഖകൾ എന്നിവ നീതി ന്യായ വകുപ്പ് ഒളിപ്പിക്കുകയാണെന്ന് നാൻസി മേസ് ആരോപിച്ചു. 'അപ്രത്യക്ഷമായ തെളിവുകളെക്കുറിച്ച് അറ്റോർണി ജനറൽ മറുപടി പറയേണ്ടി വരും. അമേരിക്കൻ ജനത സുതാര്യത അർഹിക്കുന്നു, ഇരകൾക്ക് നീതി ലഭിക്കണം' നാൻസി മേസ് എക്സിൽ കുറിച്ചു.
നേരത്തെ, എപ്സ്റ്റീന്റെ 'ക്ലയന്റ് ലിസ്റ്റ്' എന്നൊന്ന് നിലവിലില്ലെന്ന നീതി ന്യായ വകുപ്പിന്റെ വാദം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് രേഖകൾ പുറത്തുവിടാൻ കോൺഗ്രസ് ഉത്തരവിട്ടെങ്കിലും, പുറത്തുവിട്ട ഫയലുകളിൽ പലതും അവ്യക്തമാക്കിയ നിലയിലാണെന്നും ആരോപണമുണ്ട്.
അറ്റോർണി ജനറലിനെതിരെ ഏറ്റവും ശക്തമായ വിമർശനം ഉയരുന്നത് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെയാണെന്നതാണ് ശ്രദ്ധേയം. എപ്സ്റ്റീൻ കേസിലെ രേഖകൾ പുറത്തുവിടുന്നതിൽ സുതാര്യതയില്ലെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസി കുറ്റപ്പെടുത്തി. ജനപ്രതിനിധികൾ ഉൾപ്പെട്ട ലൈംഗികാരോപണങ്ങൾ ഒത്തുതീർപ്പാക്കാൻ നികുതിപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ചില ആരോപണങ്ങൾ പുറത്തുവിട്ട രേഖകളിൽ നിന്ന് നീക്കം ചെയ്തു എന്ന വാർത്തകൾ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ നീതി ന്യായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറ്റോർണി ജനറലിനെ നേരിട്ട് വിളിച്ചുവരുത്താൻ സമിതി തീരുമാനിച്ചത്. അതേസമയം, ഭരണകൂടത്തിന്റെ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഡെമോക്രാറ്റുകൾ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് പാം ബോണ്ടിയുടെ നിലപാട്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഹിലാരി ക്ലിന്റൺ എന്നിവരെയും എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് സമിതി നേരത്തെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.