അഫ്ഗാന്‍റെ മരവിപ്പിച്ച ആസ്തികളിൽ ഒരു പങ്ക് വിട്ടുനൽകാൻ യു.എസ് ധാരണയായതായി റിപ്പോർട്ടുകൾ

വാഷിങ്ടൺ ഡി.സി: അഫ്ഗാനിസ്താൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ യു.എസ് മരവിപ്പിച്ച കരുതൽ ധനശേഖരത്തിൽ നിന്ന് ഒരു പങ്ക് അഫ്ഗാൻ സർക്കാറിന് വിട്ടുനൽകാൻ ധാരണയായതായി റിപ്പോർട്ടുകൾ. 350 കോടി യു.എസ് ഡോളർ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്‍റർനാഷണൽ സെറ്റിൽമെന്‍റ് (ബി.ഐ.എസ്) വഴി കൈമാറാനാണ് ധാരണ. ഫണ്ട് വിതരണത്തിന്‍റെ മേൽനോട്ടത്തിനായി അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുടെ പാനൽ തയാറാക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ചകളിലുണ്ടാകുമെന്നാണ് വിവരം. അഫ്ഗാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാനുഷിക വെല്ലുവിളികളും ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയരുന്നത് യു.എസിന് മേൽ സമ്മർദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

യു.എസ് ബാങ്കുകളിലും മറ്റ് വിദേശ ബാങ്കുകളിലുമായുള്ള അഫ്ഗാൻ സെൻട്രൽ ബാങ്കിന്‍റെ 900 കോടി ഡോളറിന്‍റെ ആസ്തിയാണ് താലിബാൻ അധികാരം പിടിച്ചടക്കിയ 2021 ആഗസ്റ്റ് 15ന് പിന്നാലെ യു.എസ് മരവിപ്പിച്ചത്. ഇത് വിട്ടുകിട്ടണമെന്ന് താലിബാൻ നിരന്തരം അമേരിക്കയോട് ആവശ്യപ്പെട്ടുവരികയും ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

അഫ്ഗാൻ ആസ്തികൾ യു.എസ് മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിട്ടത്. താലിബാന്‍ അധികാരം കൈയാളിയ ശേഷം യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അഫ്ഗാന് നല്‍കിയിരുന്ന സഹായധനവും നിര്‍ത്തിവച്ചിരുന്നു.

കൊല്ലപ്പെട്ട അൽഖാഇദ നേതാവ് അയ്മൻ അൽ സവാഹിരിയുടെ സാന്നിധ്യം കാബൂളിലുണ്ടായിരുന്നിട്ടും, വിദേശ ആസ്തികൾ വിട്ടുനൽകാനുള്ള ചർച്ചകളുമായി ബൈഡൻ ഭരണകൂടം മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ, അഫ്ഗാൻ സെൻട്രൽ ബാങ്കിന് ആസ്തികൾ വിട്ടുനൽകുമെന്ന അഭ്യൂഹം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് തള്ളിയിരുന്നു. 2020ലെ യു.എസ് സൈനിക പിൻവലിക്കൽ കരാർ ലംഘിച്ച് താലിബാൻ സവാഹിരിക്ക് അഭയം നൽകിയത് ആശങ്ക ഉയർത്തുന്നതാണെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ഏറ്റവും ഒടുവിലത്തെ ധാരണ പ്രകാരം യു.എസ് വിട്ടുനൽകുന്ന ആസ്തികൾ അഫ്ഗാൻ സെൻട്രൽ ബാങ്കിന് സ്വീകരിക്കാൻ കഴിയും. പക്ഷേ, വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിന് പുറമേ കള്ളപ്പണം വെളുപ്പിക്കാനോ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകാനോ ഈ പണം ഉപയോഗിക്കുന്നില്ലെന്ന് യു.എസ് ഉറപ്പുവരുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

യു.എസ് മുന്നോട്ടുവെച്ച മേൽനോട്ട സമിതിയെ താലിബാൻ സർക്കാർ അംഗീകരിക്കുമെങ്കിലും പണം എങ്ങനെ ചെലവഴിക്കണമെന്നതു സംബന്ധിച്ചുള്ള അധികാരം തങ്ങൾക്ക് വേണമെന്നാണ് നിലപാട്. മരവിപ്പിച്ച കരുതൽ ധനം അഫ്ഗാൻ ജനതയുടെ സമ്പാദ്യമാണെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ചൂണ്ടിക്കാട്ടി. അത് എന്തുചെയ്യണമെന്നും എങ്ങനെ ചെലവഴിക്കണമെന്നും തീരുമാനിക്കേണ്ടത് അഫ്ഗാൻ ജനതയാണ്. ഏകപക്ഷീയമായ തീരുമാനം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - US agrees to release Afghan funds through Swiss bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.