വിട്ടൊഴിയാതെ ദുരിതവും പട്ടിണിയും; ലോകം ഇറാനെ നോക്കുമ്പോൾ ഗസ്സയിൽ സംഭവിക്കുന്നതെന്ത്?

ഗസ്സ സിറ്റി : ലോകശ്രദ്ധ ഇറാൻ-ഇസ്രായേൽ യുദ്ധത്തിലേക്ക് തിരിയുമ്പോൾ, തകർന്നടിഞ്ഞ ഗസ്സയിലെ ജനത വീണ്ടും കടുത്ത അവഗണനയിലേക്കും ദുരിതത്തിലേക്കും തള്ളപ്പെടുന്നു. ആറ് മാസം മുമ്പ് നടപ്പിലാക്കിയ താത്കാലിക വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായതോടെ, മേഖലയിൽ പട്ടിണിയും വിലക്കയറ്റവും രൂക്ഷമായി. ഇസ്രായേലിൽ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി വർധിച്ചുവെന്ന് പ്രാദേശിക വ്യാപാരികൾ പറയുന്നു. ലോകം മുഴുവൻ ഇറാനിലും അമേരിക്കയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തങ്ങൾ വിസ്മരിക്കപ്പെടുകയാണെന്ന് ഗസ്സയിലെ സാധാരണക്കാർ വേദനയോടെ പങ്കുവെക്കുന്നു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതി പ്രകാരം കഴിഞ്ഞ ഒക്ടോബറിലാണ് ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ, നിലവിൽ ഇറാൻ-ഇസ്രായേൽ യുദ്ധം ആരംഭിച്ചതോടെ ഈ പദ്ധതിയുടെ ഭാവി പ്രതിസന്ധിയിലായി. ഗസ്സയിലെ സായുധ ഗ്രൂപ്പുകൾ ആയുധം ഉപേക്ഷിക്കണമെന്ന യു.എൻ നിർദേശം ഹമാസ് തള്ളാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹമാസ് ആയുധം വെച്ചില്ലെങ്കിൽ സൈനിക നീക്കം ശക്തമാക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭീഷണി മേഖലയെ വീണ്ടും ഒരു പൂർണ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക വർധിപ്പിക്കുന്നുണ്ട്.


വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം മാത്രം കുട്ടികളടക്കം ഡസൻകണക്കിന് ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹമാസ് കമാൻഡർമാരെയാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേൽ വാദം. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളെ നരകതുല്യമാക്കി. തകർന്നുകിടക്കുന്ന അഴുക്കുചാലുകൾ നിറഞ്ഞുകവിഞ്ഞത് ടെന്റുകളിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകളെ പകർച്ചവ്യാധി ഭീഷണിയിലാഴ്ത്തിയിരിക്കുകയാണ്.


ഗസ്സയുടെ പുനഃനിർമാണത്തിനായി ട്രംപ് പ്ലാൻ വഴി വാഗ്ദാനം ചെയ്ത സഹായങ്ങൾ ഇപ്പോഴും കടലാസിൽ മാത്രമാണ്. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ വൈദ്യുതി-ശുദ്ധജല സംവിധാനങ്ങൾ പുനസ്ഥാപിക്കാനോ ആവശ്യമായ ഉപകരണങ്ങൾ ഇസ്രായേൽ അതിർത്തി കടത്തിവിടുന്നില്ല. ഇവ ഹമാസ് തുരങ്കം നിർമിക്കാൻ ഉപയോഗിക്കുമെന്നാണ് ഇസ്രായേലിന്റെ ന്യായീകരണം. അതിർത്തികൾ തുറക്കാനും കുറച്ച് ലിറ്റർ ഇന്ധനം എത്തിക്കാനുമായി പോലും ദിവസങ്ങളോളം ചർച്ചകൾ നടത്തേണ്ടി വരികയാണെന്ന് ഓക്സ്ഫാം പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ വെളിപ്പെടുത്തുന്നു.

Tags:    
News Summary - Unrelenting misery and hunger; what is happening in Gaza while the world looks to Iran?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.