ന്യൂയോർക്ക് / ഗസ്സ സിറ്റി: ഗസ്സയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിൽ അംഗീകാരം. എതിരില്ലാത്ത 13 വോട്ടുകൾക്കാണ് കരട് പ്രമേയം പാസായത്. അതിർത്തി സുരക്ഷിതമാക്കുന്നതിനും ഗസ്സയിലെ സൈനികവൽക്കരണം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും പുതുതായി പരിശീലനം ലഭിച്ച ഫലസ്തീൻ പൊലീസിനൊപ്പം ഇസ്രായേലും ഈജിപ്തും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രമേയം പറയുന്നു. ഈ സേന ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക സമാധാന സേനയായിരിക്കില്ല.
വോട്ടെടുപ്പിൽനിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു. ഈ പ്രമേയം അധിനിവേശ ഫലസ്തീൻ പ്രദേശത്ത് അമേരിക്ക നടത്തുന്ന അനിയന്ത്രിതമായ നീക്കങ്ങൾക്ക് ഒരു മറയായി മാറരുതെന്ന് റഷ്യയുടെ യു.എൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു.
പ്രമേയം അംഗീകരിക്കപ്പെട്ടതിനെ പ്രശംസിച്ച് ഫലസ്തീൻ അതോറിറ്റി രംഗത്തെത്തി. അമേരിക്കയുടെ പദ്ധതി ഗസ്സ മുനമ്പിൽ സ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ, മാനുഷിക സഹായം തടസ്സമില്ലാതെ ലഭിക്കൽ, ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം, അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കൽ എന്നിവയെ സ്ഥിരീകരിക്കുന്നതാണെന്ന് ഫലസ്തീൻ അതോറിറ്റി പ്രസ്താവിച്ചു.
ഗസ്സയിൽ വിദേശ സൈനികരുടെ സാന്നിധ്യം ഹമാസ് നിരസിക്കുന്നുവെന്നും ഇസ്രായേൽ അധിനിവേശത്തിന് പകരം വിദേശ രക്ഷാകർതൃത്വമാണ് ഇതുണ്ടാക്കുന്നതെന്നും ഹമാസ് വക്താവ് അൽ ജസീറയോട് പറഞ്ഞു. യു.എന്നിന്‍റെ പ്രമേയം ഫലസ്തീൻ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. ഗസ്സയിലെ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകളെ നിരായുധീകരിക്കാൻ ഒരു അന്താരാഷ്ട്ര സേനയെ നിയോഗിക്കുന്നത് അതിന്റെ നിഷ്പക്ഷത ഇല്ലാതാക്കും. മാത്രമല്ല, അധിനിവേശത്തിന് അനുകൂലമായി സംഘർഷത്തിൽ ഒരു കക്ഷിയാക്കുകയും ചെയ്യുമെന്നും ഹമാസ് വ്യക്തമാക്കി.
ഗസ്സയെ വിഭജിച്ച് ഇസ്രായേലി -അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിക്കാണ് യു.എസ് കോപ്പുകൂട്ടുന്നത്. ഫലസ്തീനികൾ ഗസ്സയുടെ പകുതിയിൽ താഴെ മാത്രം വിസ്തീർണമുള്ള റെഡ് സോണിലേക്ക് പൂർണമായി ഒതുക്കപ്പെടും. ഗ്രീൻ സോണിനും റെഡ് സോണിനുമിടയിലെ ഇടനാഴിയിൽ (യെല്ലോ സോൺ) ഇസ്രായേൽ സൈന്യവും അന്താരാഷ്ട്ര സേനയും നിലയുറപ്പിക്കും. ഗസ്സയെ വിഭജിക്കാനുള്ള ദീർഘകാല പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം നിശ്ചിത സൈനികരെ പരിമിത പ്രദേശത്ത് വിന്യസിക്കാനും പിന്നീട് 20,000 പേരുടെ പൂർണ ശക്തിയിലേക്ക് പ്രദേശം മുഴുവൻ വ്യാപിപ്പിക്കാനുമാണ് യു.എസ് പദ്ധതി.
യെല്ലോ ലൈനിന്റെ പടിഞ്ഞാറൻ ഭാഗത്ത് സൈനിക സാന്നിധ്യമുണ്ടാകില്ല. പക്ഷേ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വിസ്തൃതിയുടെ പകുതിയിലേക്ക് ഫലസ്തീനികളുടെ താമസഭാഗം ചുരുങ്ങും. അവിടത്തെ പുനർനിർമാണത്തിന് വ്യക്തമായ പദ്ധതിയുമില്ല. സഹായവസ്തുക്കളുടെയും പുനർനിർമാണത്തിനുള്ള വസ്തുക്കളുടെയും സ്വതന്ത്രമായ ഒഴുക്കും ഉറപ്പുനൽകുന്നില്ല. റഫയിലെ ഇസ്രായേൽ സൈന്യത്തിന്റെ നിരീക്ഷണം കടന്നുവേണം ട്രക്കുകൾക്ക് ഗസ്സയിൽ പ്രവേശിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.