യുക്രെയ്ന്റെ അംഗത്വം അരികെ -നാറ്റോ


വിൽനിയസ്: യുക്രെയ്ൻ നാറ്റോ അംഗത്വത്തിന് അരികിലെന്ന് നാറ്റോ അധ്യക്ഷൻ ജെൻസ് സ്റ്റോൾട്ടെൻബെർഗ്. ലിത്വേനിയൻ തലസ്ഥാനമായ വിൽനിയസിൽ നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഉച്ചകോടി ബുധനാഴ്ച സമാപിച്ചു.

യുക്രെയ്ന്റെ അംഗത്വത്തിനുള്ള നടപടി ക്രമങ്ങൾ കൂടുതൽ ഹ്രസ്വമായി വരുകയാണ്. യുക്രെയ്ൻ തീർച്ചയായും നാറ്റോ അംഗമാകും -അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനുള്ള സമയപരിധി വെളിപ്പെടുത്താൻ നാറ്റോ അധ്യക്ഷൻ തയാറായില്ല. നാറ്റോ അംഗത്വം വൈകുന്നതിനെതിരെ ചൊവ്വാഴ്ച സെലൻസ്കി രൂക്ഷമായി പ്രതികരിച്ചിരുന്നു. കീഴ്വഴക്കമില്ലാത്തതും അസംബന്ധവുമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂറോപ്പിൽ പൂർണതോതിലുള്ള യുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്റ്റോൾട്ടെൻബെർഗ് പറഞ്ഞു. നാറ്റോയെ സംബന്ധിച്ചിടത്തോളം അപകടരഹിതമായ സാധ്യതകൾ മുന്നിലില്ല. റഷ്യൻ പ്രസിഡന്റ് വിജയിച്ചാൽ അത് നൽകുന്ന സന്ദേശം കൂടുതൽ അപകടകരമാണ്. ‘സൈനികശക്തി ഉപയോഗിച്ചാൽ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ, അയൽരാജ്യത്ത് കടന്നുകയറിയാൽ അദ്ദേഹം ആഗ്രഹിച്ചത് നേടുന്നു എന്ന സന്ദേശമാണ് ഇത് നൽകുന്നത് -അദ്ദേഹം പറഞ്ഞു.

സ്വന്തം വഴിയും സഖ്യവും തെരഞ്ഞെടുക്കാൻ യുക്രെയ്ന് അവകാശമുണ്ട്. നാറ്റോയിൽ ആരൊക്കെ ചേരണം, ആരൊക്കെ ചേരാൻ പാടില്ല എന്ന് തീരുമാനിക്കുന്നത് റഷ്യയല്ല. നാറ്റോ വികസിപ്പിക്കുന്നതിൽ റഷ്യ എന്നും എതിരാണ്. എപ്പോൾ അംഗമാകണമെന്ന് തീരുമാനിക്കേണ്ടത് നാറ്റോ അംഗങ്ങളും യുക്രെയ്നുമാണ്. മോസ്കോക്ക് അതിൽ വീറ്റോ അധികാരമില്ല -സ്റ്റോൾട്ടെൻബെർഗ് പറഞ്ഞു.

അംഗത്വം സംബന്ധിച്ച് നാറ്റോ സൂചന നൽകിയതായി സെലൻസ്കി പറഞ്ഞു. യുക്രെയ്ൻ സ്വതന്ത്ര രാഷ്ട്രമായിരിക്കുമെന്ന ശക്തമായ സന്ദേശമാണ് ഇത് റഷ്യക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ukraine's membership is close NATO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.