കിയവ്: റഷ്യൻ അധിനിവേശം ഏഴാം ദിവസവും തുടരുന്ന യുക്രെയ്നിൽ വിവിധ നഗരങ്ങളിൽ ആക്രമണം ശക്തം. തെക്കൻ യുക്രെയ്നിയൻ നഗരമായ ഖെർസൻ പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു. നഗരത്തിൽ റഷ്യൻ സേന നിലയുറപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ, റഷ്യ പിടിച്ചടക്കിയ ഏറ്റവും വലിയ നഗരമാകും ഖെർസൻ. തലസ്ഥാനമായ കിയവും രണ്ടാമത്തെ വലിയ നഗരമായ ഖാർകീവും പിടിച്ചടക്കാൻ വൻ സൈനികവിന്യാസമാണ് റഷ്യ നടത്തുന്നത്. ഇപ്പോഴും നിയന്ത്രണം കൈവിടാത്ത ഈ നഗരങ്ങളിൽ ശക്തമായ ചെറുത്തുനിൽപ്പാണ് യുക്രെയ്ൻ സൈന്യം നടത്തുന്നത്. ഖാർകീവിൽ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ പറഞ്ഞു.
(ഖാർകീവിലെ പൊലീസ് ആസ്ഥാനത്തിന് നേരെ റഷ്യ ആക്രമണം നടത്തിയപ്പോൾ)
ഇന്നലെ രാവിലെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട ഖാർകീവിൽ റഷ്യൻ പാരാട്രൂപ്പർമാർ ഇറങ്ങി പ്രാദേശിക ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയതായി പ്രദേശവാസികൾ പറയുന്നു. ഖാർകീവിലെ പൊലീസ് ആസ്ഥാനം ആക്രമിച്ച് തകർത്തിരുന്നു.
(ഖെർസൻ നഗരത്തിൽ നിലയുറപ്പിച്ച റഷ്യൻ സൈന്യം)
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഏജൻസിയുടെ കണക്ക് പ്രകാരം കുറഞ്ഞത് 136 സാധാരണക്കാർ യുക്രെയ്നിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 13 കുട്ടികളും ഉൾപ്പെടും. 400ലേറെ പേർക്കാണ് പരിക്കേറ്റത്. യഥാർഥത്തിലുള്ള മരണനിരക്ക് ഇതിലും വളരെ ഉയർന്നതാവാനാണ് സാധ്യതയെന്ന് യു.എൻ വക്താവ് ലിസ് ത്രോസെൽ പറഞ്ഞു. റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച വിമതരുടെ ശക്തികേന്ദ്രമായ ഡോണെട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 253 പേർ കൊല്ലപ്പെട്ടതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
തലസ്ഥാനമായ കിയവിനെ ലക്ഷ്യമിട്ട് 65 കിലോമീറ്റർ നീളത്തിൽ റഷ്യൻ സേനാവ്യൂഹം സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ യു.എസ് കേന്ദ്രമായ ഇമേജിങ് സ്ഥാപനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വൻ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിദ്യാർഥികൾ ഉടൻ കിയവ് വിടണമെന്ന് ഇന്ത്യൻ എംബസി ഇന്നലെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.