അങ്കാറ: യുദ്ധം അവസാനിപ്പിക്കാനായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ മേൽനോട്ടത്തിൽ ചേർന്ന റഷ്യ-യുക്രെയ്ൻ വിദേശകാര്യമന്ത്രിമാരുടെ ചർച്ച പരാജയം. മരിയുപോളിൽ മാനുഷിക ഇടനാഴിയും 24 മണിക്കൂർ വെടിനിർത്തലും വേണമെന്നായിരുന്നു ചർച്ചയിൽ യുക്രെയ്ൻ ഉന്നയിച്ച പ്രധാന ആവശ്യം.
എന്നാൽ, അക്കാര്യത്തിൽ റഷ്യയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് യുക്രെയ്ൻ വിദേശ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു. തുർക്കി നഗരമായ അന്റാലിയയിലാണ് റഷ്യൻ-യുക്രെയ്ൻ വിദേശകാര്യ മന്ത്രിമാരായ സെർജി ലാവ്റോവും ദിമിത്രോ കുലേബയും ചർച്ച നടത്തിയത്. തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കാവുസോഗ്ലുവും പങ്കെടുത്തിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം രണ്ടാഴ്ച പിന്നിടവെ, ആദ്യമായാണ് ഇരുരാജ്യങ്ങളിലെയും ഉന്നതതല നേതാക്കൾ നേരിട്ട് സംഭാഷണം നടത്തുന്നത്. വെടിനിർത്തലിനെ കുറിച്ച് ചർച്ച ചെയ്തെങ്കിലും പുരോഗതിയുണ്ടായില്ലെന്ന് കുലേബ ചർച്ചക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
യോഗം പ്രയാസമേറിയതായിരുന്നുവെന്നും സെർജി ലാവ്റോവ് പരമ്പരാഗത വിശദീകരണങ്ങൾ മുറുകെപ്പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റഷ്യ യുക്രെയ്നെ ആക്രമിച്ചിട്ടില്ലെന്നും പാശ്ചാത്യ സഹായത്തോടെ യുക്രെയ്ൻ ഉയർത്തുന്ന ഭീഷണി പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ലാവ്റോവ് വിശദീകരിച്ചു. അമേരിക്കയുടെ ധനസഹായത്തോടെ യുക്രെയ്നിലെ ലാബുകളിൽ ജൈവായുധം വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, യുക്രെയ്ൻ റഷ്യക്കു മുന്നിൽ കീഴടങ്ങില്ലെന്ന് കുലേബ ആവർത്തിച്ചു. യുക്രെയ്നിൽ ആക്രമണം തുടങ്ങിയതിനുശേഷം ആദ്യമായാണ് റഷ്യ ചർച്ചക്കായി ഉന്നതതല മന്ത്രിയെ അയക്കുന്നത്. യുക്രെയ്നിലെ പ്രമുഖ നഗരങ്ങളിൽ റഷ്യ ബോംബാക്രമണം തുടരുന്ന സാഹചര്യത്തിൽ ലാവ്റോവുമായുള്ള കൂടിക്കാഴ്ചയിൽ അമിത പ്രതീക്ഷയില്ലെന്ന് കുലേബ നേരത്തേ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഉപരോധങ്ങൾ കടുപ്പിച്ചശേഷം ആദ്യമായാണ് ലാവ്റോവ് റഷ്യക്കു പുറത്തേക്ക് യാത്രചെയ്യുന്നത്. നാറ്റോ അംഗമായ തുർക്കി റഷ്യയുമായും യുക്രെയ്നുമായും സൗഹാർദബന്ധത്തിലാണ്.
ചർച്ച പരാജയപ്പെട്ടതോടെ, തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം പുനഃരാരംഭിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ പകുതിയിലേറെ ആളുകളും പലായനം ചെയ്തതായി മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.