ലണ്ടൻ: ഫലസ്തീൻ അനുകൂല റാലികൾ ശക്തമായതോടെ കൂട്ട അറസ്റ്റും പ്രതിഷേധ വിലക്കുമായി ബ്രിട്ടീഷ് ഭരണകൂടം. നിരോധിത ഫലസ്തീൻ അനുകൂല സംഘടനക്ക് പിന്തുണയുമായി പ്രതിഷേധിച്ച 500ഓളം പേരാണ് പിടിയിലായത്.
67,000ൽഏറെ പേർ കൊല്ലപ്പെട്ട ഗസ്സ വംശഹത്യക്കെതിരെ രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾ സമാധാനപരമാണെങ്കിലും ജൂതവിരുദ്ധ വികാരം പടർത്തുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ജൂത ദേവാലയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ നിർത്തണമെന്ന് ബ്രിട്ടീഷ് പൊലീസും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
ഇത് അവഗണിച്ച് ‘വംശഹത്യയെ എതിർക്കുന്നു. ഫലസ്തീൻ ആക്ഷൻ സംഘടനയെ പിന്തുണക്കുന്നു’ എന്ന ബാനർ ഉയർത്തി പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈയിൽ ‘ഫലസ്തീൻ ആക്ഷൻ’ നിരോധിക്കപ്പെട്ട ശേഷം അനുകൂലിച്ച് പ്രകടനം നടത്തിയ 2,000ൽഏറെ പേർക്കെതിരെയാണ് കേസ് എടുത്തത്.
ഇവരിൽ 130ൽഏറെ പേർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടുണ്ട്. ഭാവിയിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നിയന്ത്രിക്കാനും തീരുമാനമുണ്ട്. ഓരോ പ്രദേശത്തും പൊലീസിന് നിയന്ത്രണം ഏർപ്പെടുത്താമെന്ന് ആഭ്യന്തര വകുപ്പ് ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.