ചാര സംഘടനയുടെ മേധാവിയായി വനിതയെ നിയമിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; 116 വർഷത്തെ ചരിത്രത്തിലാദ്യം

ലണ്ടൻ: എം.ഐ 6 എന്നറിയപ്പെടുന്ന യു.കെയുടെ രഹസ്യ ഇന്റലിജൻസ് സർവിസിന്റെ തലപ്പത്ത് അതിന്റെ 116 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത. ബ്ലെയ്സ് മെട്രവേലിയെ ആദ്യത്തെ വനിതാ മേധാവിയായി ചരിത്രപരമായ നിയമനം നടത്തിയതായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു.  സാധാരണയായി ‘സി’ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര ചാര ഏജൻസിയുടെ മേധാവിക്ക് എം.ഐ 6 ന്റെ പ്രവർത്തന ഉത്തരവാദിത്തമായിരിക്കും ഉണ്ടാവുക.

എം.ഐ 6 ലെ സാങ്കേതികവിദ്യക്കും നവീകരണത്തിനും ഉത്തരവാദിത്തമുള്ള ഡയറക്ടർ ജനറൽ ആയിരുന്നു ഇതുവരെ ഇവർ. ‘ക്യു’ എന്നറിയപ്പെടുന്ന നിലവിലെ റോളിൽ നിന്നാണ് 47 കാരിയായ മെട്രവേലിക്ക് സ്ഥാനക്കയറ്റം. മുമ്പ് യു.കെയുടെ ആഭ്യന്തര സുരക്ഷാ സേവനമായ എം.ഐ 5ൽ ഡയറക്ടർ തലത്തിലുള്ള റോളും വഹിച്ചിട്ടുണ്ട്. ഈ വർഷം അവസാനം സർവിസിൽ നിന്ന് വിരമിക്കുന്ന സർ റിച്ചാർഡ് മൂറിന്റെ പിൻഗാമിയായി മെട്രവേലി ചുമതലയേൽക്കും.

‘നമ്മുടെ രഹസ്യാന്വേഷണ സേവനങ്ങളുടെ പ്രവർത്തനം മുമ്പൊരിക്കലും ഇത്ര നിർണായകമല്ലാത്ത സമയത്താണ് ബ്ലെയ്സ് മെട്രവേലിയുടെ ചരിത്രപരമായ നിയമനം വരുന്നത്’- സ്റ്റാർമർ പറഞ്ഞു. 

‘യുണൈറ്റഡ് കിംഗ്ഡം അഭൂതപൂർവമായ തോതിൽ ഭീഷണികൾ നേരിടുന്നു. അത് നമ്മുടെ ജലാശയങ്ങളിലേക്ക് ചാരക്കപ്പലുകൾ അയക്കുന്ന ആക്രമണകാരികളായാലും നമ്മുടെ പൊതുസേവനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന സങ്കീർണ്ണമായ സൈബർ ഗൂഢാലോചനകൾ നടത്തുന്ന ഹാക്കർമാരായാലും. നമ്മുടെ രാജ്യത്തെ പ്രതിരോധിക്കാനും ജനങ്ങളെ സുരക്ഷിതമായി നിലനിർത്താനും ആവശ്യമായ മികച്ച നേതൃത്വം ബ്ലെയ്‌സ് തുടർന്നും നൽകുമെന്ന് എനിക്കറിയാം.  മാറ്റത്തിനായുള്ള എന്റെ പദ്ധതിയുടെ അടിത്തറയാണിത് -സ്റ്റാർമർ കൂട്ടിച്ചേർത്തു.

1999 മുതൽ ഒരു കരിയർ ഇന്റലിജൻസ് ഓഫിസറായി സുരക്ഷാ സേവനത്തിൽ ചേർന്ന പുതിയ ചാര മേധാവി, താൻ ഭാഗമായിരുന്ന സുരക്ഷാ സേവനത്തെ നയിക്കുന്നതിൽ അഭിമാനംകൊണ്ടു. ‘ബ്രിട്ടീഷ് ജനതയെ സുരക്ഷിതമായി നിലനിർത്തുന്നതിലും വിദേശത്ത് യു.കെയുടെ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കും. എം.ഐ 6 ന്റെ ധീരരായ ഓഫിസർമാരുമായും ഏജന്റുമാരുമായും ഞങ്ങളുടെ നിരവധി അന്താരാഷ്ട്ര പങ്കാളികളുമായും ആ പ്രവർത്തനം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു’ -പുതിയ ‘സി’ പറഞ്ഞു.

Tags:    
News Summary - UK PM Keir Starmer appoints first-ever MI6 spy agency female chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.