ഇന്ത്യയിലേക്ക് ആദ്യ വനിത ഹൈകമീഷണറെ നിയമിച്ച് യു.കെ

ലണ്ടൻ: ഇന്ത്യയിലേക്ക് ആദ്യ വനിത ഹൈകമീഷണറെ നിയമിച്ച് യു.കെ. ലിൻഡി കാമറൂണിനെയാണ് ഹൈകമീഷണറായി നിയമിച്ചിരിക്കുന്നത്. യു.കെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ സി.ഇ.ഒയായിരുന്നു ലിൻഡി.

ബ്രിട്ടീഷ് ഹൈകമീഷനാണ് ലിൻഡി കാമറൂണിനെ നിയമിച്ച വിവരം അറിയിച്ചത്. അലക്സ് എല്ലിസിന്റെ സ്ഥാനത്തേക്കാണ് ലിൻഡിയെത്തുക. അലക്സിന് പുതിയ നയതന്ത്ര ചുമതല നൽകുമെന്ന് ബ്രിട്ടീഷ് ഹൈകമീഷൻ അറിയിച്ചിട്ടുണ്ട്. ലിൻഡി കാമറൂൺ ഏപ്രിലിൽ തന്നെ സ്ഥാനമേറ്റെടുക്കുമെന്നും ബ്രിട്ടീഷ് ഹൈകമീഷൻ വ്യക്തമാക്കി.

70 വർഷങ്ങൾക്ക് മുമ്പ് തന്നെ യു.കെയിലേക്ക് വനിത ഹൈകമീഷണറെ ഇന്ത്യ നിയമിച്ചിരുന്നു. 1954ൽ വിജയലക്ഷ്മി പണ്ഡിറ്റിനെയാണ് ഹൈകമീഷണറായി ഇന്ത്യ നിയമിച്ചത്. 1961 വരെ അവർ സ്ഥാനത്ത് തുടരുകയും ചെയ്തു.

ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ലിൻഡി കാമറൂൺ ഇറാഖ്, അഫ്ഗാനിസ്താൻ തുടങ്ങിയ സ്ഥലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. യു.കെയുടെ ഇന്റർനാഷണൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലും അവർ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി വാഷിങ്ടൺ, ബീജിങ്, പാരീസ്, ടോക്കിയോ ബെർലിൻ തുടങ്ങിയ നഗരങ്ങളിൽ അവർ നിർണായക ചുമതലകൾ വഹിച്ച് വരികയായിരുന്നു.

ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിനിടെയാണ് ഹൈകമീഷണറായി കാമറൂണെത്തുന്നത്. യു.കെയുടെ 12ാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര്യ വ്യാപാര കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ​പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങൾക്കുമിടയിൽ സഹകരണമുണ്ട്.

Tags:    
News Summary - UK appoints its first woman high commissioner to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.