തെഹ്റാൻ: പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പലുകൾ മടങ്ങിപ്പോകുന്നതായി റിപ്പോർട്ടുകൾ. ഇസ്രായേലിനൊപ്പം യു.എസും ഇറാനെ ആക്രമിച്ചതോടെ സംഘർഷ സാധ്യത വർധിച്ച സാഹചര്യത്തിലാണിത്. യു.എസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധമെന്ന നിലയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
രണ്ട് കൂറ്റൻ ഓയിൽ ടാങ്കറുകളാണ് ഹോർമുസിൽ നിന്ന് കാലിയായി മടങ്ങിപ്പോകുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കോസ് വിസ്ഡം ലേക്, സൗത്ത് ലോയൽറ്റി എന്നീ സൂപ്പർടാങ്കറുകളാണിവ. രണ്ട് ദശലക്ഷം ബാരൽ ക്രൂഡോയിൽ വഹിക്കാനുള്ള ശേഷിയുള്ളവയാണിവ. ഞായറാഴ്ച ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച ഇവ പിന്നീട് യു-ടേൺ എടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന് ഇറാന്‍ പാര്‍ലമെന്റ് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. അന്തിമ തീരുമാനമായിട്ടില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.
പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും ഇടയിലുള്ള കടലിടുക്കാണ് ഹോര്‍മുസ്. ഇറാന്റെയും ഒമാന്റെയും നിയന്ത്രണത്തിലുള്ള ഈ പാതയാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് തുറന്ന സമുദ്രത്തിലേക്കുള്ള ഏക കടല്‍ പാത. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നാണിത്. സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാഖ്, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള പ്രധാനപാതയാണിത്.
ലോകത്തിലെ കടൽമാർഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40 ശതമാനവും മൊത്തം എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും ഹോർമുസ് വഴിയാണ്. പാശ്ചാത്യൻ നാടുകളിൽനിന്ന് ഏഷ്യയിലേക്കുള്ള പ്രധാന ചരക്കുനീക്കവും ഇതുവഴിതന്നെ. ഈ തന്ത്രപ്രധാന ജലപാത അടച്ചുപൂട്ടിയാൽ ചരക്കുനീക്കം പ്രതിസന്ധിയിലാവുകയും എണ്ണവില കുത്തനെ ഉയരുകയും ചെയ്യും.
പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനുമിടയിലുള്ള കടലിടുക്കിന്റെ വടക്കൻ തീരത്താണ് ഇറാൻ സ്ഥിതി ചെയ്യുന്നത്. 54 കിലോമീറ്റർ (29 നോട്ടിക്കൽ മൈൽ) ആണ് ഹോർമുസിന്റെ വീതി. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 39 കിലോമീറ്റർ (21 നോട്ടിക്കൽ മൈൽ) മാത്രമേ വീതിയുള്ളൂ. ലോകത്താകെ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നതാണ് ഹോർമുസ് വഴി ചരക്കുനീക്കം തടസ്സപ്പെടുന്നത്. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി നിലക്കുന്നത് രാജ്യങ്ങളെ വലിയതോതിൽ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.